ഖത്തർ -കുവൈത്ത് പ്രധാനമന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ
ബിൻ ജാസിം ആൽഥാനി
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ഗ്രീസ് തലസ്ഥാനമായ ഏഥൻസിൽ നടക്കുന്ന പ്രഥമ 'യൂറോപ്പ് -ഗൾഫ് ജിയോപൊളിറ്റിക്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്' ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയത്. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ചാ വിഷയമായി. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളും മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളും വിലയിരുത്തി.
നിലവിലെ പ്രതിസന്ധികൾ സമാധാനപരമായ മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും പരിഹരിക്കാൻ എല്ലാ കക്ഷികളും തയാറാകണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിലവിൽ തുടരുന്ന മധ്യസ്ഥ ശ്രമങ്ങളോട് എല്ലാ കക്ഷികളും അനുകൂലമായി നിലപാടെടുക്കണം. എങ്കിൽ മാത്രമേ വീണ്ടുമൊരു സംഘർഷ സാധ്യത ഒഴിവാക്കി സുസ്ഥിരമായ കരാറിലേക്ക് എത്തിച്ചേരാൻ സാധിക്കൂ എന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി. കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും അത് കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും പങ്കുവെച്ചു. യൂറോപ്യൻ യൂണിയനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ -സാമ്പത്തിക ബന്ധങ്ങളും നിക്ഷേപ സൗകര്യങ്ങളും വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഥൻസിൽ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

