ഖത്തർ - കുവൈത്ത് സംയുക്ത സഹകരണ സമിതി യോഗം വിവിധ മേഖലകളിൽ സഹകരണം: ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു
text_fieldsഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അസ്സബാഹ് എന്നിവരുടെ സാന്നിധ്യത്തിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ കരാറിൽ ഒപ്പുവെക്കുന്നു
ദോഹ: സഹകരണവും ഏകോപനവും വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ കരാറുകളും ധാരണപത്രങ്ങളും ഒപ്പുവെച്ച് ഖത്തർ-കുവൈത്ത് സംയുക്ത ഉന്നത സഹകരണ സമിതിയുടെ ഏഴാമത് സെഷൻ കുവൈത്തിൽ നടന്നു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അസ്സബാഹ് എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
കുവൈത്ത് ന്യൂസ് ഏജൻസിയും (കുന) ഖത്തർ ന്യൂസ് ഏജൻസിയും (ക്യു.എൻ.എ) തമ്മിലുള്ള സഹകരണവും സംയുക്ത വാർത്തവിനിമയ കരാറും, ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള ധാരണപത്രം, സൈബർ സുരക്ഷ സഹകരണം വർധിപ്പിക്കുന്നതിനുള്ള മെമ്മോറാണ്ടം എന്നിവയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിവിധ മേഖലകളിൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികൾ യോഗത്തിൽ ചർച്ചചെയ്തു.
രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ, സാംസ്കാരിക മേഖലകൾ ഉൾപ്പെടെയുള്ള സഹകരണത്തിന്റെ സുപ്രധാന മേഖലകളെക്കുറിച്ചും വിലയിരുത്തി. മേഖലയിലെയും അന്തർദേശീയ തലങ്ങളിലെയും സമീപകാല സംഭവവികാസങ്ങളും വെല്ലുവിളികളെ നേരിടുന്നതിന് സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും നേതാക്കൾ പങ്കുവെച്ചു.
വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി, ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ അൽ മുറൈഖി, കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായി, ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സന്ദർശനത്തിനിടെ, കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹുമായും ഞായറാഴ്ച പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിലും പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

