Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ച: പ്രതികളെക്കുറിച്ച് സൂചന; നിർണായകമായത് പ്രവർത്തകരുടെ ഇടപെടൽ

text_fields
bookmark_border
ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ച: പ്രതികളെക്കുറിച്ച് സൂചന; നിർണായകമായത് പ്രവർത്തകരുടെ ഇടപെടൽ
cancel

ദോഹ: ഖത്തര്‍ കെഎംസിസി ഓഫിസില്‍നിന്ന് എട്ട് കോടിയിലധികം രൂപ കവര്‍ന്ന സംഭവത്തില്‍ ആരോപണം പ്രവാസി വ്യവസായിയായ കെ.എം.സി.സി നേതാവിനെ കേന്ദ്രീകരിച്ച്. പിടിയിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ പുറത്തുവന്ന വിഡിയോയിൽ ഖത്തർ കെ.എം.സി.സി സ്പോർട്സ് വിങ് ചെയർമാനും മുൻ പേരാമ്പ്ര മണ്ഡലം നേതാവുമായിരുന്ന റോട്ടാന റസാഖിനെ സംബന്ധിച്ച ആരോപണം ഉയർന്നിരുന്നു.

നിലവിൽ ആരോപണം നേരിട്ടവരിൽ കെ.എം.സി.സി നേതൃത്വത്തിലുള്ളത് റോട്ടാന റസാഖ് മാത്രമാണ്. ഇയാൾ പ്രതിപ്പട്ടികയിലുള്ള ഹസ്സൻ എന്ന മമ്മാലിയുടെ സഹോദരനാണ്. ആരോപണം ഉയർന്നതോടെ ഇയാളെ മുസ് ലിം ലീഗിന്റെയും കെഎംസിസി അടക്കമുള്ള പോഷക സംഘടനകളുടെയും അംഗത്വത്തിൽനിന്ന് സംസ്ഥാന നേതൃത്വം പുറത്താക്കി.

2025 സെപ്റ്റംബർ 17നാണ് നാട്ടിൽനിന്ന് ക്വട്ടേഷന്‍ സംഘത്തെ വിസയും ഉയര്‍ന്ന പ്രതിഫലവും വാഗ്ദാനംചെയ്ത് ഖത്തറിലെത്തിച്ച് കവർച്ച നടത്തുന്നത്. ഓഫിസ് ജീവനക്കാരനെ കെട്ടിയിട്ട് ഓഫിസിലെ ലോക്കറുകൾ ഗ്യാസ് കട്ടറും കമ്പിപ്പാരയും ഉപയോഗിച്ച് തകർത്താണ് സംഘം കവർച്ച നടത്തിയത്. നിലവിൽ പിടിയിലായ ബാലകൃഷ്ണൻ വെൽഡിങ് തൊഴിലാളിയാണ്. ഇയാളെ ലോക്കറുകൾ തകർക്കാനാണ് ഖത്തറിലെത്തിച്ചത്. ലോക്കറുകള്‍ തകര്‍ത്ത് പണം ബാഗുകളിലാക്കി മറ്റുള്ളവര്‍ കൊണ്ടുപോയെന്നും പിന്നീട് പാസ്‌പോര്‍ട്ടും 50,000 രൂപ മൂല്യമുള്ള ഖത്തര്‍ റിയാലും കൈമാറിയശേഷം നാട്ടിലേക്ക് തിരിച്ചയച്ചെന്നുമാണ് ബാലകൃഷ്ണൻ പറയുന്നത്.

ബാലകൃഷ്ണന് പുറമേ കേസിൽ നിലവിൽ പ്രതിപ്പട്ടികയിലുള്ള കൊയിലാണ്ടി സ്വദേശി ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, ബാവ എന്ന സ്വാലിഹ്, മമ്മാലി എന്ന ഹസന്‍, നിസാര്‍ എന്നിവര്‍ ഒളിവിലാണ്. ഇവർ പിടിയിലാകുന്നതോടെ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. മോഷണത്തിന് പിന്നില്‍ സംഘടനയിലെ അംഗങ്ങള്‍ തന്നെയാണെന്ന് കേസില്‍ കീഴടങ്ങിയ പ്രതി ബാലകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു.

നേതാക്കൾക്ക് മൗനം; ചോദ്യം ചെയ്തവർ പുറത്ത്

മോഷണം നടന്നതിനു പിന്നാലെ നേതാക്കളുടെ മൗനം കെ.എം.സി.സി പ്രവർത്തകരുടെ സംശയത്തിനിടയാക്കി. സംഭവത്തിനു ശേഷം ഇതുസംബന്ധിച്ച ഒരു വിശദീകരണവും നൽകാൻ നേതൃത്വം തയാറായില്ല. മോഷണവിവരം ഖത്തർ പൊലിസിനെ അറിയിക്കുന്നത് പ്രവർത്തകരാണ്.

സംഭവത്തിനുപിന്നാലെ നിരവധി കെഎംസിസി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് രണ്ട് കേസുകളാണ് ഖത്തറിൽ രജിസ്റ്റർ ചെയ്തത്. സംഭവത്തിനു പിന്നാലെ പ്രതികൾ നാട്ടിലേക്ക് രക്ഷപ്പെട്ടതോടെ ഖത്തറിൽ ഇതുസംബന്ധിച്ച് നിയമനടപടികളെ ബാധിച്ചു. കൂടുതൽ നിയമനടപടികൾ കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ കരുതലോടെയായിരുന്നു നീക്കങ്ങൾ. സംഭവത്തിനു പിന്നാലെ ഖത്തറിലെ കെ.എം.സി.സി പ്രവർത്തനങ്ങൾ നിശ്ചലാവസ്ഥയിലുമായി.

അതേസമയം, കവർച്ച നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും വിശദീകരണം നൽകാനോ നിയമനടപടികളുമായി മുന്നോട്ടുപോകാനോ കെ.എം.സി.സി നേതൃത്വം തയാറായില്ല. ഇതിനിടെ വിഷയത്തിൽ നേതൃത്വത്തിനെതിരെ പ്രതികരിച്ച മൂന്നു പ്രവർത്തകരെ കഴിഞ്ഞ ആഗസ്റ്റ് അവസാനം സസ്പെൻഡും ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ മാസം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, പാറക്കൽ അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട്ട് ചേർന്ന ഖത്തർ കെ.എം.സി.സി യോഗം പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനും എസ്.എസ്.പി പദ്ധതി പുനരംരാഭിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ആരോപണങ്ങളിൽ വ്യക്തത വരുത്താതെ വിമർശകരെ പുറത്താക്കുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ കൂടുതൽ പ്രവർത്തകർ പരസ്യമായി രംഗത്തുവന്നത് സംഘടനക്കുള്ളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.

അന്വേഷണം കൂടുതൽ പേരിലേക്ക്

കവർച്ച നടത്തിയ പ്രതികളെ സംബന്ധിച്ച് പ്രവർത്തകർക്കും ചില നേതാക്കൾക്കും സൂചന ലഭിച്ചിരുന്നു. പ്രതികൾ കൊയിലാണ്ടി, പയ്യോളി പരിസരങ്ങളിലുള്ളവരാണെന്നത് സംബന്ധിച്ച് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ കെഎംസിസി വൈസ് പ്രസിഡന്റ് പി.കെ അബ്ദുൽ റഹീം ആണ് കൊയിലാണ്ടി ലീസിൽ പരാതി നൽകുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങുന്നത്. ഖത്തറില്‍നിന്നുള്ള സഹായമില്ലാതെ ഇങ്ങനെയൊരു മോഷണം നടക്കില്ലെന്നും ചില കെ.എം.സി.സി നേതാക്കളുടെ അറിവോടെയാണ് സംഭവമെന്നും പ്രവർത്തകർ പറയുന്നു. കൂടാതെ, സംഭവത്തിൽ ഖത്തർ കെ.എം.സി.സി ഓഫിസ് ജീവനക്കാരനെ സംബന്ധിച്ചും പ്രവർത്തകർ സംശയം ഉന്നയിക്കുന്നുണ്ട്.

ആരോപണങ്ങൾ നിഷേധിച്ച് കമറുദ്ദീൻ

റോട്ടാന റസാഖ്, പ്രതിപ്പട്ടികയിലുള്ള ഹസ്സൻ എന്നിവരെ പരിചയമുണ്ടെന്ന് കമറുദ്ദീൻ പറഞ്ഞു. ഇവർ നാട്ടുകാരും ദീർഘകാലമായി അടുത്ത പരിചയമുള്ളവരുമാണെന്നും അതേസമയം, തനിക്കെതിരെ നടക്കുന്ന ആരോപണങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും കമറുദ്ദീൻ പറയുന്നു. നേരത്തേ എടുത്തുവെച്ച ഓഡിയോ സന്ദേശങ്ങൾ തനിക്കെതിരെ പ്രചരിപ്പിക്കുകയാണ്. അത്തരം ഓഡിയോ സന്ദേശങ്ങൾ വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമായി നിർമിച്ചതാണ്. ബാലകൃഷ്ണൻ, ഷാജി എന്നിവരുമായി യാതൊരു ബന്ധവുമില്ല. അവരെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. ആരോപണങ്ങൾക്കെതിരെ തിങ്കളാഴ്ച പരാതി നൽകുമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കമറുദ്ദീൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar KMCC robbery case; clues on accused emerge
Next Story