കളർഫുളായി പട്ടം ഉത്സവം കൊടിയിറങ്ങി
text_fieldsദോഹ ഓൾഡ് പോർട്ടിൽ നടന്ന ഖത്തർ കൈറ്റ് ഫെസ്റ്റിൽനിന്ന്
ദോഹ: ദോഹയുടെ ആകാശത്ത് നിറങ്ങളും രൂപങ്ങളും കൊണ്ട് വൈവിധ്യങ്ങൾ തീർത്ത് ഖത്തർ പട്ടം ഉത്സവത്തിന് കൊടിയിറങ്ങി. പട്ടം നിർമാണത്തിലെ കാലമികവും സാംസ്കാരിക പ്രകടനങ്ങളും ഒന്നിച്ച ഉത്സവമേളയാണ് ദോഹ ഓൾഡ് പോർട്ടിൽ ശനിയാഴ്ച സമാപിച്ചത്. ജനുവരി 16ന് സീലൈനിൽ ആരംഭിച്ച കൈറ്റ് ഫെസ്റ്റിവൽ, ദോഹ മാരത്തൺ വേദിയിലും പിന്നീട് ഓൾഡ് ദോഹ പോർട്ടിലുമായി പുരോഗമിച്ചു.
16,17 ദിവസങ്ങളിൽ ദോഹ കോർണിഷിലെ ആകാശത്ത് കളറാക്കി മാറ്റിയശേഷം 19നായിരുന്നു ഓൾഡ് ദോഹ പോർട്ടിലെത്തിയത്. മുൻ വർഷത്തെക്കാൾ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പട്ടം ഉത്സവം ഇത്തവണ കാണികളുടെ വലിയ സാന്നിധ്യത്തിൽ സജീവമായി. ഏഴുദിവസങ്ങളിലായി വൈവിധ്യമാർന്ന ദൃശ്യവിസ്മയങ്ങളുമായി ഓൾഡ് പോർട്ടിലെ മിന പാർക്ക് കളർഫുളായി. ദിവസവും വൈകുന്നേരം മൂന്ന് മുതൽ രാത്രി 10 വരെ നീണ്ടുനിന്ന ഫെസ്റ്റിവൽ ആസ്വദിക്കാൻ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആയിരങ്ങൾ ഒഴുകിയെത്തിയിരുന്നു.
ദോഹ ഓൾഡ് പോർട്ടിൽ നടന്ന ഖത്തർ കൈറ്റ് ഫെസ്റ്റിൽനിന്ന്
പട്ട നിർമാണ ശിൽപശാല, കുട്ടികൾക്കായി തത്സമയ വിനോദ പരിപാടികൾ എന്നിവയും ആകർഷകമാക്കി. പൂക്കളും പക്ഷികളും നീരാളിയും മുതൽ കാർട്ടൂൺ കഥാപാത്രങ്ങളും ഫാൽക്കണും വരെ പട്ടങ്ങളായി പലനിറങ്ങളിൽ ആകാശത്ത് മായാകാഴ്ചകൾ സൃഷ്ടിച്ചു. സൂര്യാസ്തമനത്തിലും രാത്രിയിൽ വെളിച്ചം തെളിയിച്ച പട്ടങ്ങളുമായും മേള കളർഫുളായി. 20 രാജ്യങ്ങളിൽനിന്നായി 60ഓളം പ്രൊഫഷനൽ പട്ടം പറത്തലുകാർ ഇത്തവണ എത്തിയിരുന്നു. ഫ്രാൻസ്, ബെൽജിയം, ചൈന എന്നീ രാജ്യക്കാർ ഉൾപ്പെടെ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

