ആകാശം കളറാകും, പട്ടംപറത്തൽ മേളവരുന്നു
text_fieldsദോഹ: പലനിറങ്ങളിലും രൂപത്തിലും വലുപ്പത്തിലുമായി പട്ടങ്ങൾ ആകാശം നിറയുന്ന ആഘോഷത്തിനൊരുങ്ങി ഖത്തർ. മേഖലയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും പട്ടംപറത്തൽ വിദഗ്ധർ പങ്കെടുക്കുന്ന ഖത്തർ കൈറ്റ് ഫെസ്റ്റിവലിന് വ്യാഴാഴ്ച ദോഹയിൽ തുടക്കമാകും. രാജ്യത്തെ മൂന്ന് പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലായാണ് ഇത്തവണ ഫെസ്റ്റിവലെന്ന് സംഘാടകരായ സേഫ് ൈഫ്ലറ്റ് സൊലൂഷൻസ് ചീഫ് എക്സിക്യൂട്ടിവ് ഹസൻ അൽ മൗസവി അറിയിച്ചു. സീലൈൻ ഡ്യൂൺസ്, ദോഹ മാരത്തൺ വേദി, ഓൾഡ് ദോഹ പോർട്ട് എന്നിവിടങ്ങളിലായി നടക്കുന്ന മേള 25ന് സമാപിക്കും.
ജനുവരി 16ന് സീലൈനിലാണ് ആരംഭിക്കുന്നത്. 18 വരെ മരുഭൂമിയിലെ പട്ടക്കാഴ്ചകളുമായി സീലൈൻ വേദിയാകും. കുടുംബങ്ങൾക്കും വിനോദ സഞ്ചാരികൾക്കും മരുഭൂമിയിലെ മണൽപ്പരപ്പിനൊപ്പം ആകാശത്ത് കാറ്റിനൊത്ത് പറക്കുന്ന പട്ടങ്ങളുടെ മനോഹരകാഴ്ചയാണ് ഒരുക്കുന്നതെന്ന് അൽ മൗസവി പറഞ്ഞു.
ഇതോടൊപ്പം 16, 17 തീയതികളിൽ ദോഹ മാരത്തൺ വേദിയിലും പട്ടം പറത്തൽ അരങ്ങേറും. മത്സരവേദിയായ ഹോട്ടൽ പാർക്ക് കേന്ദ്രീകരിച്ചായിരിക്കും ഇത്. തുടർന്ന് 19 മുതൽ 25 വരെ ഓൾഡ് ദോഹ പോർട്ടിലായിരിക്കും ഫെസ്റ്റിവൽ നടക്കുക. സമാപനവും ഇവിടെ തന്നെയാണ്.
ഈ വർഷത്തെ ഫെസ്റ്റിവലിൽ ഫ്രാൻസ്, ബെൽജിയം, ചൈന എന്നിവയുൾപ്പെടെ 20ലധികം രാജ്യങ്ങളിൽനിന്നുള്ളവരാണ് പങ്കെടുക്കുന്നത്. 60ലധികം പ്രഫഷനൽ പട്ടം പറത്തലുകാർ ഫെസ്റ്റിവലിൽ മാനം നിറക്കും. ഖത്തറിന്റെ സമുദ്ര പൈതൃകത്തിന്റെ പ്രതീകമായ മാന്ത റേ മത്സ്യം, ഫാൽക്കൺ പക്ഷി, പറക്കുന്ന പായ്ക്കപ്പൽ എന്നിവയുൾപ്പെടെ ഭീമൻ പട്ടങ്ങളുടെ മനോഹരമായ പ്രദർശനമായിരിക്കും ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണം.
സാംസ്കാരിക പ്രകടനങ്ങൾ, ശിൽപശാലകൾ, പട്ടം പറത്തൽ പ്രകടനങ്ങൾ, മറ്റ് സംവേദനാത്മക പരിപാടികൾ എന്നിവക്കൊപ്പം പട്ടങ്ങളും പറക്കും. ആക്ടിവേഷൻ സോണുകൾ, ഭക്ഷണ സ്റ്റാളുകൾ, കുട്ടികളുടെ കാർണിവൽ തുടങ്ങിയവ കൂടി ചേരുന്നതോടെ കൈറ്റ് ഫെസ്റ്റിവലിന്റെ ആവേശം മാനം മുട്ടും.
ഭീമൻ പട്ടങ്ങൾകൊണ്ട് നീലാകാശം വർണാഭമാക്കുന്ന കൈറ്റ് ഫെസ്റ്റിവൽ ഖത്തറിലെ താമസക്കാർക്കും സന്ദർശകർക്കും ആവേശകരമായ അനുഭവമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

