ഖത്തറിന്റെ കാർഷിക കുതിപ്പ് അഭിനന്ദനാർഹം -അമീർ
text_fieldsഅഗ്രിടെക് കാർഷിക പ്രദർശനം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിക്കുന്നു
ദോഹ: കാർഷിക, ഭക്ഷ്യ സുരക്ഷാ മേഖലകളിൽ ഖത്തറിന്റെ പുരോഗതിയെ പ്രശംസിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി. കതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന അന്താരാഷ്ട്ര കാർഷിക പ്രദർശനമായ അഗ്രിടെക് സന്ദർശിച്ച ശേഷം സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ‘എക്സി’ലായിരുന്നു രാജ്യത്തിന്റെ കാർഷിക, ഭക്ഷ്യ സുരക്ഷ മേഖലകളിലെ നേട്ടങ്ങളെ അമീർ പ്രശംസിച്ചത്.
കാർഷിക മേഖലകളിലെ വൈദഗ്ധ്യവും ഏറ്റവും മികച്ച കാർഷിക രീതികളും പരസ്പരം കൈമാറുന്നതിനുള്ള ശ്രദ്ധേയമായ വേദിയാണ് അഗ്രിടെക് പ്രദർശനമെന്ന് അമീർ പറഞ്ഞു. രാജ്യത്തിന്റെ കാർഷിക രംഗത്തെ വളർച്ച സന്തോഷം നൽകുന്നതാണെന്നും സന്ദർശനത്തിനു പിന്നാലെ അമീർ അറിയിച്ചു.
കാർഷിക മേഖലയുടെ വികസനത്തിനും നിക്ഷേപങ്ങൾക്കും പിന്തുണ നൽകുകയെന്നും ഖത്തർ ദേശീയ വിഷൻ 2030ന്റെ ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് അഗ്രിടെക് പ്രദർശനമെന്നും വ്യക്തമാക്കി.
അഗ്രിടെക് കാർഷിക പ്രദർശന വേദിയിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കുട്ടികൾക്കൊപ്പം
അഗ്രിടെക് പ്രദർശനം വ്യാഴാഴ്ച അമീർ സന്ദർശിച്ചു. പ്രദർശനത്തിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പവലിയനുകൾ സന്ദർശിച്ച അമീറിന് മുന്നിൽ നൂതന കാർഷിക സംവിധാനങ്ങളെക്കുറിച്ചും ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർഷിക മേഖലയിലെ നവീകരണവും സുസ്ഥിര വികസന മാർഗങ്ങളും സംബന്ധിച്ച് പ്രദർശനത്തിൽ പങ്കെടുക്കുന്നവർ വിശദീകരിച്ചു.
ഈ വർഷത്തെ പ്രദർശനത്തിലെ വിശിഷ്ടാതിഥി രാജ്യമായ യു.എ.ഇ പവലിയനും അമീർ സന്ദർശിച്ചു. അമീറിനൊപ്പം നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ഫെബ്രുവരി നാലിന് ആരംഭിച്ച പ്രദർശനം ശനിയാഴ്ച സമാപിക്കും. കതാറയിലെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷനിൽ നടക്കുന്ന 12ാമത് അഗ്രിടെകിൽ 29 രാജ്യങ്ങളിൽ നിന്നായി 300ഓളം പ്രദർശകരാണ് പങ്കെടുക്കുന്നത്. നൂറോളം പ്രാദേശിക സ്ഥാപനങ്ങളും പങ്കാളികളാണ്.
അഗ്രിടെക്കിൽ ഇന്ത്യൻ പവിലിയനും
ദോഹ: കതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന ഖത്തർ അന്താരാഷ്ട്ര കാർഷിക പ്രദർശനത്തിൽ ഇന്ത്യൻ സാന്നിധ്യവും. ഹൈഡ്രോപോണിക്സ്, ഹോർട്ടികൾച്ചർ, അക്വാകൾച്ചർ കൃഷിരീതികൾ, ഡ്രോണുകളുടെ ഉപയോഗം എന്നിവയുൾപ്പെടെയുള്ള കാർഷിക സാങ്കേതിക വിദ്യകളിൽ ഇന്ത്യയുടെ വൈദഗ്ധ്യം പ്രദർശിപ്പിക്കുന്ന കൗണ്ടറുകളാണ് പ്രദർശനത്തിൽ ഇന്ത്യ ഒരുക്കിയത്.
അഗ്രിടെക്കിലെ ഇന്ത്യൻ പവിലിയൻ അംബാസഡർ വിപുൽ
ഉദ്ഘാടനം ചെയ്യുന്നു
ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കോൺഗ്രസ് (ഐ.ബി.പി.സി) ഖത്തറുമായി സഹകരിച്ച് നടത്തുന്ന പവിലിയനുകളുടെ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ വിപുൽ നിർവഹിച്ചു. ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

