ഖത്തർ കലാഞ്ജലി ഇന്ത്യൻ സ്കൂൾ കലോത്സവം ഇന്ന് തുടങ്ങും
text_fieldsദോഹ: അഞ്ചു ദിനങ്ങളായി നീണ്ടുനിൽക്കുന്ന അഞ്ചാമത് മീഡിയ പെൻ ഇന്റർ സ്കൂൾ കലാഞ്ജലി കലോത്സവത്തിന് ഇന്ന് ദോഹയിൽ തുടക്കമാവും. ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ കേരള സംസ്ഥാന യുവജനോത്സവ മാതൃകയിലാകും കലാഞ്ജലി കലോത്സവം സംഘടിപ്പിക്കുക. 26ന് വൈകീട്ട് ഉദ്ഘാടന ചടങ്ങുകൾ നടക്കും.
ഇൻഡോ -ഖത്തർ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങൾ എന്നിവ അണിനിരക്കുന്ന ഘോഷയാത്ര സംഘടിപ്പിക്കും. തുടർന്ന് കലോത്സവം നഗറിൽ പതാക ഉയരുന്നതോടെ കലോത്സവത്തിന് നാന്ദികുറിക്കും. ഖത്തറിലെ പ്രധാനപ്പെട്ട ഇരുപതോളം ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ മികച്ച പങ്കാളിത്തം കലാഞ്ജലിയെ മികവുറ്റതാക്കും. 26 മുതൽ 28 വരെ ഓൺസ്റ്റേജ് -ഓഫ്സ്റ്റേജ് മത്സരങ്ങൾ രാവിലെ ഒമ്പതുമുതൽ രാത്രി 11 വരെയാകും നടക്കുക. വിവിധ ഇനങ്ങളിലായി ഖത്തറിലെ മൂവായിരത്തോളം മത്സരാർഥികളാകും കലാമത്സരങ്ങളുടെ ഭാഗമാകുക.
വേദി മയൂരിയിൽ നൃത്തയിനങ്ങളും അമൃതവർഷണി വേദിയിൽ സംഗീത മത്സരങ്ങളും സാഹിതി ഹാളിൽ സാഹിത്യ മത്സരങ്ങളും രംഗോലി ഹാളിൽ ചിത്രരചന മത്സരങ്ങളുമാണ് നടക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജഡ്ജിങ് പാനൽ ആയിരിക്കും കലോത്സവ മത്സരങ്ങളുടെ വിധി നിർണയിക്കുക.
കലാതിലകം, കലാപ്രതിഭ പുരസ്കാരങ്ങൾക്കു പുറമെ മികച്ച പോയന്റുകൾ നേടി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകും. നവംബർ ഒന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് പുരസ്കാരങ്ങൾ കൈമാറും.
സമാപന സമ്മേളനം ഖത്തർ ഇന്ത്യൻ അംബാസഡർ വിപുൽ, ഖത്തർ സാംസ്കാരിക -വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികൾ, സിനിമ, സാഹിത്യം, ചിത്രകല, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിശിഷ്ട അതിഥികൾ, ഖത്തറിലെ ഇന്ത്യൻ അപെക്സ് ബോഡി ഭാരവാഹികൾ, ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽമാർ, വ്യവസായ പ്രമുഖർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

