ഖത്തർ-ജോർഡൻ ജോയന്റ് ഹയർ കമ്മിറ്റി യോഗം
text_fieldsഖത്തർ-ജോർഡൻ ജോയന്റ് ഹയർ കമ്മിറ്റി യോഗത്തിൽനിന്ന്
അമ്മാൻ: ഖത്തർ-ജോർഡൻ ജോയന്റ് ഹയർ കമ്മിറ്റിയുടെ അഞ്ചാം സെഷന്റെ മുന്നോടിയായുള്ള പ്രാരംഭ യോഗങ്ങൾ ജോർഡൻ തലസ്ഥാനമായ അമ്മാനിൽ ആരംഭിച്ചു.
ഖത്തർ പ്രതിനിധിസംഘത്തെ വിദേശകാര്യ മന്ത്രാലയത്തിലെ അറബ് അഫയേഴ്സ് വകുപ്പ് ഡയറക്ടർ നായിഫ് ബിൻ അബ്ദുല്ല അൽ ഇമാദി നയിച്ചു. ജോർഡൻ ഭാഗത്തുനിന്ന് ചർച്ചകൾക്ക് വ്യവസായ-വാണിജ്യ-വിതരണ മന്ത്രാലയം സെക്രട്ടറി ജനറൽ ദാന അൽ സൗബി നേതൃത്വം നൽകി. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ അവലോകനം ചെയ്തു. ജോയന്റ് ഹയർ കമ്മിറ്റി സെഷനിൽ സമർപ്പിക്കേണ്ട ശിപാർശകൾക്ക് യോഗത്തിൽ രൂപം നൽകി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനിയും, ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. അയ്മൻ സഫാദിയും സംയുക്തമായി ഹയർ കമ്മിറ്റി യോഗത്തിന് അധ്യക്ഷത വഹിക്കും. ഇരു രാജ്യങ്ങളിലെയും ഉന്നതതല മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ വൈദഗ്ധ്യം പങ്കുവെക്കുന്നതിനും ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും താൽപര്യമാണ് ഈ യോഗത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് നായിഫ് ബിൻ അബ്ദുല്ല അൽ ഇമാദി വ്യക്തമാക്കി.
ജോർഡനിലെ ഖത്തർ അംബാസഡർ ശൈഖ് സുഊദ് ബിൻ നാസർ ബിൻ ജാസിം ആൽ ഥാനി, ഖത്തറിലെ ജോർഡൻ അംബാസഡർ സെയ്ദ് മുഫ് ലഹ് അൽ ലാസി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

