നിർണായക അങ്കത്തിനൊരുങ്ങി ഖത്തർ
text_fieldsലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനൊരുങ്ങുന്ന ഖത്തർ ടീം അംഗങ്ങൾ യൂലൻ ലോപറ്റ്ഗുയിയുടെ നേതൃത്വത്തിൽ
പരിശീലനത്തിൽ
ദോഹ: അടുത്ത വർഷം അമേരിക്ക, കാനഡ, മെക്സികോ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ഉറപ്പിക്കാനുള്ള അവസരം നഷ്ടമായെങ്കിലും പ്രതീക്ഷകൾ കൈവിടാതെ ഖത്തർ വീണ്ടും ഒരുങ്ങുന്നു. ഇനി ഏഷ്യൻ യോഗ്യതയുടെ നാലാം റൗണ്ടിലേക്ക് കടന്ന് അവിടെനിന്ന് ഒന്നാമനായി മുന്നേറണം. അതിനു മുമ്പ് എ.എഫ്.സി മൂന്നാം റൗണ്ടിൽ ഗ്രൂപ് ‘എ’യിൽനിന്ന് സ്ഥാനം ഉറപ്പിച്ച് കുതിക്കാനുള്ള തയാറെടുപ്പിലാണ് ഖത്തർ. 10 മത്സരങ്ങളുള്ള യോഗ്യത റൗണ്ടിലെ അവസാന രണ്ട് അങ്കത്തിന് ഖത്തർ ഒരാഴ്ചക്കുള്ളിൽ ബൂട്ടുകെട്ടും. ജൂൺ അഞ്ച് വ്യാഴാഴ്ച സ്വന്തം മണ്ണിൽ ഇറാനെതിരെയും, ജൂൺ 10ന് താഷ്കന്റിലെത്തി ഉസ്ബകിസ്താനെതിരെയുമാണ് നിർണായക അങ്കങ്ങൾ. നിലവിൽ ഗ്രൂപ് റൗണ്ടിൽ ഒന്നും രണ്ടും സ്ഥാനക്കാരാണ് ഇറാനും (20 പോയന്റ്), ഉസ്ബകിസ്താനും (17). മുൻനിരക്കാരായി ഇരുവരും ഇതിനകം ലോകകപ്പിലേക്ക് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. മൂന്നും നാലും സ്ഥാനക്കാരായി നാലാം റൗണ്ടിലെത്താൻ യു.എ.ഇ (13 പോയന്റ്), ഖത്തർ (10 പോയന്റ്) എന്നിവരാണുള്ളത്.
അഞ്ചാം സ്ഥാനത്തായി ആറ് പോയന്റുമായി കിർഗിസ്താനുമുണ്ട്.പുതിയ പരിശീലകനായി സ്ഥാനമേറ്റ യൂലൻ ലോപറ്റ്ഗുയിയുടെ നേതൃത്വത്തിൽ മികച്ച പോരാട്ടത്തിനാണ് ഖത്തർ ഒരുങ്ങുന്നത്. വ്യാഴാഴ്ച ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ കരുത്തരായ ഇറാനെ നേരിടുേമ്പാൾ ജയിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് ഖത്തർ. ഈ മത്സര ഫലം ഉറപ്പാക്കുന്നതോടെ അടുത്ത റൗണ്ടിലേക്കുള്ള ഇടവും തീർപ്പാകുമെന്നാണ് പ്രതീക്ഷ.
അൽ മുഈസ് അലി, അക്റം അഫീഫ് എന്നിവരടങ്ങിയ സീനിയർതാരങ്ങളുമായി മികച്ച ടീമുമായിത്തന്നെയാണ് ലോപറ്റ്ഗുയി ഒരുങ്ങുന്നത്. നേരത്തേതന്നെ ടീമിനെ പ്രഖ്യാപിച്ച് തയാറെടുപ്പിനും തുടക്കം കുറിച്ചു. ഇറാനെതിരെ വിജയം എളുപ്പമല്ലെന്ന ബോധ്യത്തോടെത്തന്നെയാണ് ടീം കളത്തിലിറങ്ങുന്നതെന്ന് കോച്ച് പറയുന്നു. ഉസ്ബകിനെതിരെയും ഏറ്റവും മികച്ച പ്രകടനംതന്നെയാണ് ലക്ഷ്യം. ഇന്റർമിലാൻ സ്ട്രൈക്കർ മെഹ്ദി തരേമിയുടെ നേതൃത്വത്തിലുള്ള 28 അംഗ സംഘവുമായാണ് ഇറാൻ ഖത്തറിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

