പ്രഥമ റോബോട്ടിക്സ് പ്രദർശനത്തിന് ഖത്തർ ഒരുങ്ങുന്നു
text_fieldsദോഹ: ഖത്തർ ചേംബറിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി എക്സിബിഷൻ (റോബോടെക്) 2026 ഒക്ടോബർ 27 മുതൽ 29 വരെ ദോഹയിൽ നടക്കും. ആദ്യ റോബോട്ടിക്സ് എക്സിബിഷന്റെ പ്രഖ്യാപനം ഖത്തർ ചേംബർ ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ അധികൃതർ പ്രഖ്യാപിച്ചു.
ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ തവാർ അൽ കുവാരി, ആക്ടിങ് ജനറൽ മാനേജർ അലി ബു ഷെർബക്ക് അൽ മൻസൂരി, ഓർഗനൈസിങ് കമ്പനിയുടെ ജനറൽ മാനേജർ ഹൈതം ശിഹാബ്, എക്സിബിഷൻ മാനേജർ ലിങ് ലി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ആരോഗ്യം, ലോജിസ്റ്റിക്സ്, ഫിൻടെക്, സ്മാർട് മൊബിലിറ്റി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള കമ്പനികൾ പ്രദർശനത്തിന്റെ ഭാഗമാകും. സംവാദ സെഷനുകളും പാനൽ ചർച്ചകളും വർക്ക് ഷോപ്പുകളും അരങ്ങേറും. 15000 ചതുരശ്ര മീറ്റർ സ്ഥലമാണ് പ്രദർശനത്തിനായി ഒരുക്കുന്നത്. വിദ്യാഭ്യാസം, സൈബർ സെക്യൂരിറ്റി, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ അത്യാധുനിക എ.ഐ, റോബോട്ടിക്സ് സാങ്കേതികവിദ്യകൾ പ്രദർശനത്തിലുണ്ടാകും. ഖത്തറിലെ ബിസിനസ് പ്രമുഖരെയും അന്താരാഷ്ട്ര കമ്പനികളെയും കോർത്തിണക്കി സെമിനാറുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കും. ഇത് പുതിയ വ്യാപാര-നിക്ഷേപ അവസരങ്ങൾക്കും തന്ത്രപ്രധാന പങ്കാളിത്തങ്ങൾക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ വിവിധ പദ്ധതികളും മുന്നേറ്റവും വർധിപ്പിക്കുന്നതിനും ഈ എക്സിബിഷനിലൂടെ ലക്ഷ്യമിടുന്നു.
ഖത്തർ ഡിജിറ്റൽ അജണ്ട 2030 യുടെ ഭാഗമായാണ് പ്രദർശനമെന്ന് ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ തവാർ അൽ കുവാരി പറഞ്ഞു. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് പുറത്തിറക്കിയ ഡിജിറ്റൽ കോംപിറ്റിറ്റീവ് ഇൻഡക്സിൽ ആദ്യ ഇരുപതിനുള്ളിലാണ് ഖത്തറിന്റെ സ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2030 ഓടെ നിർമിത ബുദ്ധിയുടെ ആഗോള വിപണി 826.73 ബില്യൺ യു.എസ് ഡോളറിലെത്തുമെന്നാണ് പഠനങ്ങൾ. 2020ലെ 93.27 ബില്യണിൽ നിന്നാണ് മേഖല ഇത്രയും വളർച്ച കൈവരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

