ഔഡിയുടെ എഫ്.വൺ പദ്ധതിയിൽ പങ്കുചേർന്ന് ഖത്തറും
text_fieldsനിക്ഷേപം സംബന്ധിച്ച പ്രഖ്യാപനത്തിനുശേഷം ഖത്തർ
ഇൻവെസ്റ്റ്മെന്റ് അതോറിറ്റി സി.ഇ.ഒ മുഹമ്മദ് സൈഫ് അൽ സുവൈദിയും ഔഡി സി.ഇ.ഒ ഗെർനോട് ഡോൾനറും
ദോഹ: ലോകത്തെ മുൻനിര കാർ ബ്രാൻഡായ ജര്‍മനിയുടെ ഔഡിയില്‍ നിക്ഷേപം നടത്തി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി. ഫോർമുല വൺ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഔഡിയുടെ എഫ്.വണ്‍ പ്രോജക്ടിലാണ് ഖത്തര്‍ നിക്ഷേപം നടത്തിയത്.
ഫെരാരി, മക്ലരൻ, മേഴ്സിഡസ് ഉൾപ്പെടെ എഫ്.വണിൽ തങ്ങളുടെ കാറുകൾ നിരത്തിലിറക്കുന്ന വമ്പൻ ബ്രാൻഡുകളുടെ പിന്നാലെയാണ് ജർമനിയിൽ നിന്നു ഔഡിയും ഫോർമുല വൺ റേസിങ് കാറുകളുടെ നിർമാണം ആരംഭിക്കുന്നത്.
2026ഓടെ വേഗപ്പോരിന്റെ ട്രാക്കിലേക്ക് ഇറങ്ങാനിരിക്കുകയാണ് ഔഡി ഫാക്ടറി ടീമും. ഔഡിക്ക് കീഴിലുള്ള സൗബര്‍ ഹോള്‍ഡിങ്ങിന്റെ ഷെയറാണ് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി സ്വന്തമാക്കിയത്. കമ്പനിയുടെ ഓഹരിയില്‍ ചെറിയ ഭാഗം മാത്രമാണ് ഖത്തര്‍ വാങ്ങിയതെങ്കിലും ദീര്‍ഘകാല നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ക്യു.ഐ.എയുടെ ഫണ്ട് വഴി ഔഡിയുടെ ഫോർമുല വൺ പ്രോജക്ടിന് വേഗത കൂടും. ഫാക്ടറിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാകും ഫണ്ട് ചെലവഴിക്കുക.
ഫോർമുല വൺ റേസിങ് ചാമ്പ്യൻഷിപ്പിലെ ഡ്രൈവർമാരായ ബ്രസീലിന്റെ 20കാരൻ ഗബ്രിയേൽ ബോർടോലെറ്റോ, ജർമൻകാരൻ നികോ ഹൾകെൻബർഗ് എന്നിവരെ 2026 സീസണിൽ തങ്ങളുടെ വളയം പിടിക്കാൻ ഔഡി അടുത്തിടെ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.
ഖത്തറിൽനിന്നുള്ള നിക്ഷേപം തങ്ങളുടെ എഫ്.വൺ പദ്ധതിയിലുള്ള വിശ്വാസ്യതയുടെ തെളിവാണെന്നും, ദീർഘകാല പങ്കാളിത്തത്തിലൂടെ വേഗത്തിൽ ലക്ഷ്യത്തിലെത്താൻ കഴിയുമെന്നും ഔഡി സി.ഇ.ഒ ഗെർനോട് ഡോൾനർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

