ഖത്തർ-ജപ്പാൻ സ്ട്രാറ്റജിക് ഡയലോഗ് ദോഹയിൽ ചേർന്നു
text_fieldsഖത്തർ -ജപ്പാൻ സ്ട്രാറ്റജിക് ഡയലോഗ് ചർച്ചകൾക്കായി ദോഹയിലെത്തിയ ജപ്പാൻ
വിദേശകാര്യ മന്ത്രി തോഷിമിസു മൊടേഗി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ
അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനിയുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: പരസ്പര സഹകരണവും വിവിധ മേഖലകളിലെ പങ്കാളിത്തവും അടക്കം നിരവധി വഷയങ്ങൾ പങ്കുവെച്ച് ഖത്തർ-ജപ്പാൻ മൂന്നാമത് സ്ട്രാറ്റജിക് ഡയലോഗ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി, ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിസു മൊടേഗി എന്നിവരുടെ അധ്യക്ഷതയിൽ ദോഹയിൽ നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തെളിവാണ് ഖത്തർ-ജപ്പാൻ മൂന്നാമത് സ്ട്രാറ്റജിക് ഡയലോഗ്. 2023ൽ പ്രഖ്യാപിച്ച വിപുലമായ തന്ത്രപ്രധാന പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തി. രണ്ടാം തന്ത്രപ്രധാന ചർച്ചക്കു ശേഷമുണ്ടായ പുരോഗതിയും അവർ വിലയിരുത്തി.
ആഗോള-പ്രാദേശിക സ്ഥിരതയും സമാധാനവും, പ്രതിരോധം, ഊർജം, സാമ്പത്തിക-സാങ്കേതിക സഹകരണം, സാംസ്കാരിക-വിദ്യാഭ്യാസ കൈമാറ്റം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. മിഡിൽ ഈസ്റ്റ്, ഇസ്രായേൽ -ഫലസ്തീൻ, ഇറാൻ, സിറിയ എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള സംഭവവികാസങ്ങളിൽ ഇരുവരും ആശങ്ക പങ്കുവെച്ചു. സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് നയതന്ത്രം, ചർച്ചകൾ, അന്താരാഷ്ട്ര ഇടപെടലുകൾ എന്നിവയുടെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.
ഊർജ സുരക്ഷ, സുസ്ഥിരമായ വിതരണം, സാങ്കേതികവിദ്യയിലും നവീകരണത്തിലുമുള്ള സഹകരണം എന്നിവക്ക് ഊന്നൽ നൽകി സാമ്പത്തിക-ഊർജ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ആവർത്തിച്ചു. ഇരു രാജ്യങ്ങളിലെയും സാമ്പത്തിക വളർച്ചയെയും വൈവിധ്യവത്കരണത്തെയും പിന്തുണക്കുന്നതിൽ വ്യാപാരം, നിക്ഷേപം, വ്യവസായിക മേഖലയിലെ സഹകരണം എന്നിവയുടെ പ്രാധാന്യം വിശദീകരിച്ചു. സമുദ്ര സുരക്ഷ, കപ്പൽയാത്ര സ്വാതന്ത്ര്യം എന്നിവയുൾപ്പെടെയുള്ള പ്രതിരോധ -സുരക്ഷാ സഹകരണത്തിനുള്ള പ്രതിജ്ഞാബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചു.
ഖത്തർ-ജപ്പാൻ ബന്ധത്തിന്റെ പ്രാധാന്യവും കരുത്തും പരസ്പര സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള അവസരങ്ങളും ഇരു മന്ത്രിമാരും വിശദീകരിച്ചു. ഈ ലക്ഷ്യങ്ങൾ മുൻനിർത്തി ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പുകൾ യോഗം ചേരും. ഇതിന്റെ തുടർച്ചയായി ടോക്യോയിൽ നാലാമത് ഖത്തർ -ജപ്പാൻ സ്ട്രാറ്റജിക് ഡയലോഗ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

