സ്വകാര്യ സ്കൂളുകൾക്കായി മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം
text_fieldsദോഹ: സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും സുസ്ഥിരവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി മാർഗരേഖ (റെഗുലേറ്ററി ഗൈഡ്) പുറത്തിറക്കി വിദ്യാഭ്യാസ -ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളും പാലിക്കേണ്ട നിബന്ധനകളും വ്യക്തമാക്കുന്നതാണ് മാർഗരേഖ.
സ്ഥാപനങ്ങളുടെ ഭരണനിർവ്വഹണം ശക്തിപ്പെടുത്താനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് മന്ത്രാലയത്തിന്റെ പ്രൈവറ്റ് എജുക്കേഷൻ അഫയേഴ്സ് വിഭാഗമാണ് ഗൈഡ് പുറത്തിറക്കിയത്. ഇതിലൂടെ വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്കൂൾ ജീവനക്കാർ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്താനും സാധിക്കും.
കഴിഞ്ഞ വർഷങ്ങളിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രേഖപ്പെടുത്തിയ നിയമലംഘനങ്ങൾ വിശകലനം ചെയ്താണ് മാർഗരേഖ തയാറാക്കിയത്. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ ഇല്ലാതാക്കാനും ഏകീകൃതമായ നടപടിക്രമങ്ങൾ കൊണ്ടുവരാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് റെഗുലേറ്ററി ഗൈഡ് പുറത്തിറക്കിയതെന്ന് പ്രൈവറ്റ് സ്കൂൾസ് ആൻഡ് കിന്റർഗാർട്ടൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറും പ്രൈവറ്റ് ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടറുമായ ഡോ. റാനിയ യൂസ് രി മുഹമ്മദ് പറഞ്ഞു.
സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും ബാധകമായ നിയമങ്ങളെക്കുറിച്ച് കൃത്യമായ ധാരണ നൽകാനും, എല്ലാ സ്കൂളുകളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പുതിയ മാർഗരേഖ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

