സഞ്ചാരികളുടെ 10 ഇഷ്ട ലോകകേന്ദ്രങ്ങളിൽ ഖത്തറും
text_fieldsവിവിധ രാജ്യങ്ങളിൽ നിന്നായി ഏറ്റവും കൂടുതൽ പേർ സന്ദർശിക്കാനാഗ്രഹിക്കുന്ന 10 കേന്ദ്രങ്ങളുടെ പട്ടികയിൽ ഖത്തറും ഇടം പിടിച്ചു. വിദേശരാജ്യങ്ങളിലേക്ക് പണമയക്കുന്നതിനായുള്ള സാമ്പത്തിക സംരംഭമായ റെമിറ്റ്ലി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നൂറ് രാജ്യങ്ങളിലേക്കുള്ള ഗൂഗിൾ െസർച്ചിെൻറ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 100 രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ രാജ്യങ്ങളാണ് പട്ടികയിൽ മുമ്പന്തിയിൽ എത്തിയത്. ആറ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ് ഖത്തറിലേക്ക് കുടിയേറുന്നതിന് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
30 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ കുടിയേറാൻ ആഗ്രഹിക്കുന്ന കാനഡയാണ് പട്ടികയിൽ ഒന്നാമത്. ജപ്പാൻ, സ്പെയിൻ, ജർമനി എന്നിവരാണ് യഥാക്രമം രണ്ട് മുതൽ നാല് വരെയുള്ള സ്ഥാനങ്ങളിൽ. ഖത്തറിന് പിറകിൽ ആസ്ട്രേലിയ, സ്വിറ്റ്സർലൻഡ്, പോർച്ചുഗൽ, അമേരിക്ക, ബ്രിട്ടൻ എന്നിവയാണ് പട്ടികയിലെ മറ്റു രാജ്യങ്ങൾ. വിനോദസഞ്ചാര മേഖലയിൽ തുല്യതയില്ലാത്ത വികസനപ്രവൃത്തികളാണ് രാജ്യം നടപ്പാക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽതന്നെ ഖത്തറിെൻറ വിനോദസഞ്ചാര മേഖലയിൽ വൻ വളർച്ചയാണുണ്ടായത്.
മേഖലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നായി ഖത്തർ മാറിയിട്ടുണ്ടെന്ന് ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ പറയുന്നു. ഖത്തറിെൻറ ഉൾനാടുകളിലും വിനോദ സഞ്ചാരത്തിെൻറ സാധ്യതകൾ തുറന്നു കിടക്കുകയാണ്. അത്തരം ഇടങ്ങളിൽ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സിക്രീത്ത്, ബിൻ ഗാനം ഐലൻഡ്, അൽ ഖിതൈഫാൻ ഐലൻഡ്, ഖോർ അൽ ഉദൈദ്, ദുഖാൻ തുടങ്ങിയ ഉൾനാടുകളിൽ സാഹസികതയും വിനോദവും സമന്വയിച്ച് കൊണ്ടുള്ള വിനോദസഞ്ചാരത്തിനുള്ള പദ്ധതികളാണിവ. 2022 ലോകകപ്പിെൻറ സ്റ്റേഡിയങ്ങളധികവും ദോഹ നഗരത്തിന് പുറത്താണ്. ഇത് ഈ പ്രദേശങ്ങളിലെ വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ തുറന്നിടുകയാണ്.
രാജ്യത്തെത്തുന്ന സഞ്ചാരികൾ ഏറെ കൂടിയെന്ന് നാഷനൽ ടൂറിസം കൗൺസിലും പറയുന്നു. 2019ൽ 12 ശതമാനമായാണ് സഞ്ചാരികൾ വർധിച്ചത്. അറേബ്യൻ ഗൾഫ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ, ഖത്തർ ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങിയവ സഞ്ചാരികളുടെ വരവിന് ആക്കം കൂട്ടി. 2022 ലോകകപ്പ് ഫുട്ബാളോടെ സഞ്ചാരികളുടെ വരവ് ഉയർന്ന തലത്തിലാകും. ക്രൂയിസ് വിനോദസഞ്ചാരമേഖലയിലും പുരോഗതി തന്നെയാണ്. ലോകത്തെ ജോലി ഒഴിവുകളിൽ പത്ത് ശതമാനവും ഇൗ മേഖലയിലാണ്.
നാല് ശതമാനം വളർച്ച ഇൗ മേഖലയിൽ ആഗോള തലത്തിൽ ഉണ്ട്. പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും സഹകരണത്തോടെ വിനോദസഞ്ചാരമേഖലയിൽ കൂടുതൽ വളർച്ചയുണ്ടാക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ആഗോള നിക്ഷേപകരെയും ബിസിനസുകാരെയും രാജ്യത്തേക്ക് ആകർഷിക്കുന്ന തരത്തിൽ രാജ്യത്തിെൻറ വിനോദസഞ്ചാരമേഖലയെ മാറ്റുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വിനോദസഞ്ചാര മേഖലയുടെ ഉപസെക്ടറുകളായ ക്രൂയിസ് മേഖല, ബിസിനസ് ഇവൻറുകൾ, കായികമേളകൾ എന്നിവയുടെ കാര്യത്തിലും രാജ്യം വൻ പുരോഗതിയിലാണ്.
ആഭ്യന്തര വിനോദ സഞ്ചാരത്തിലും കുതിപ്പ്
ഖത്തറിൽ ആഭ്യന്തര വിനോദ സഞ്ചാര വിപണിയിൽ കുതിപ്പെന്ന് കണക്കുകൾ. കോവിഡ് കാരണം രാജ്യാന്തര വിനോദ സഞ്ചാരികളും സന്ദർശകരും എത്താതിരുന്നത് ഹോട്ടൽ വിപണിയിൽ മന്ദഗതി ഉണ്ടാക്കിയിരുന്നു. എന്നാൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് ആഭ്യന്തര വിനോദസഞ്ചാര മേഖലയിലെ കുതിപ്പിന് പ്രധാന കാരണമായിട്ടുണ്ട്.
സ്വദേശികൾക്കും വിദേശികൾക്കും വിദേശ സഞ്ചാരത്തിന് നിയന്ത്രണം വന്നത് ആഭ്യന്തരതലത്തിൽ ഉണർവിന് കാരണമായി. ഹോട്ടൽ വിപണിയിലും ഇത് പുത്തനുണർവുണ്ടാക്കിയിട്ടുണ്ട്. കടൽതീരങ്ങളോട് ചേർന്നുള്ള ഹോട്ടലുകൾക്കും ഹോട്ടൽ മുറികൾക്കുമാണ് ആവശ്യക്കാരേറെയെന്ന് കുഷ്മാൻ വേക്ഫീൽഡ് ഖത്തർ കമ്പനി (സി.ഡബ്ല്യൂ.ക്യൂ) വ്യക്തമാക്കുന്നു.ഈ വർഷം മധ്യത്തോടെ ബീച്ചുകളോട് ചേർന്നുള്ള ഹോട്ടലുകൾ പ്രവർത്തനം പുനരാരംഭിച്ചതോടെ സ്റ്റേക്കേഷൻ പാക്കേജുകൾക്കും തിരക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
കോവിഡ് കാരണം പ്രവർത്തനം മന്ദീഭവിച്ച ഹോസ്പിറ്റാലിറ്റി മേഖലയും പതിയെ പഴയ താളം കണ്ടെത്തുന്നതായും കമ്പനി വ്യക്തമാക്കുന്നു.സൽവാ ബീച്ച് റിസോർട്ട്, സുലൽ വെൽനസ് റിസോർട്ട്, ഖിതൈഫാൻ ഐലൻഡ്, ലുസൈൽ, ദോഹ ഒയാസിസ്, ദോഹ തുറമുഖ നവീകരണം, നഗരവികസന പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയാകുന്നതോടെ രാജ്യത്തേക്ക് സന്ദർശകരുടെ കൂടുതൽ ഒഴുക്ക് പ്രതീക്ഷിക്കാം. ഇത് ഹോട്ടൽ വിപണിക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നും സി.ഡബ്ല്യൂ.ക്യൂ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സ്ഥിതിവിവരണക്കണക്ക് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈ മാസത്തിൽ ഹോട്ടൽ ആവശ്യകത 51 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഇത് 64 ശതമാനമായിരുന്നു. വ്യാപാരങ്ങളിലുണ്ടായ ഇടിവും സന്ദർശകരുടെ അഭാവവുമാണ് ഇതിന് പിന്നിൽ. എന്നാൽ, കോവിഡ് മറ്റൊരു തരത്തിൽ ഗുണകരമായിട്ടുമുണ്ട്. കോവിഡ് അപകടസാധ്യത കൂടിയ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന താമസക്കാർക്ക് ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയത് ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകളിലെ ആവശ്യകത നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

