ഖത്തറിൽ ഇനി വേഗക്കാറിന്റെ പൂരം
text_fields
ലോക കായിക ഭൂപടത്തിൽ നിർണായക സ്ഥാനം നേടിയ ഖത്തറിൽ അഭിമാനകരവും ആവേശകരവുമായ മോട്ടോർ സ്പോർട്ടുകളിൽ ഒന്നായ ഫോർമുല വൺ (F1) കാർ റേസിങ് കായിക മാമാങ്കത്തിന് കൊടിയുയരുന്നു. മിന്നൽ വേഗത്തിൽ ചീറിപ്പായുന്ന കാറുകളുടെ പോരാട്ടമായ ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് റേസിങ്ങിന് നവംബർ 28,29,30 തീയതികളിലായി ലുസൈൽ സർക്യൂട്ടിൽ നടക്കും. ആവേശകരമായ മത്സര നിമിഷങ്ങൾ, നൂതന സാങ്കേതികവിദ്യ, അതിവേഗം, ആഗോളതലത്തിലുള്ള ആരാധകവൃന്ദം എന്നിവക്ക് പേരുകേട്ട F1, ദശലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മത്സരമാണ്. ആസ്ട്രേലിയയിലെ ആൽബർട്ട് പാർക്ക് സർക്യൂട്ടിൽ കൊടി ഉയർന്നതോടെയാണ് ഏറ്റവും കൂടുതൽ വിപണിമൂല്യമുള്ള കാറോട്ടമത്സര വിനോദത്തിന് ഈ വർഷം മാർച്ചിൽ തുടക്കമായത്. ഏഴര പതിറ്റാണ്ട് പിന്നിടുന്ന ഫോർമുല വൺ മത്സരങ്ങൾ വജ്ര ജൂബിലി പിന്നിടുന്ന ചരിത്ര താളുകളിലേക്ക് കൂടി 2025ലെ ഫോർമുല വൺ കലണ്ടർ മാറുകയാണ്.
ഡ്രൈവർമാരുടെ തന്ത്രപ്രധാന നീക്കങ്ങൾ പോലെതന്നെ മത്സരത്തിൽ പങ്കെടുക്കുന്ന കാറുകളുടെ സാങ്കേതിക മികവും കാർ റൈസിങ്ങിൽ നിർണായകമാണ്. സാങ്കേതികവിദ്യയുടെയും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങളുടെയും കാര്യത്തിൽ കായികരംഗം ഗണ്യമായി വികസിച്ചിട്ടുണ്ട്. കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി ഐക്കണിക് ടീമുകളുള്ള ഫോർമുല വണിന് സമ്പന്നമായ ചരിത്രമാണുള്ളത്. ഫെരാരി, മക്ലാരൻ, മെഴ്സിഡസ് -മെഴ്സിഡസ്-എ.എം.ജി പെട്രോണാസ്, ഫോർമുല വൺ ടീം, റെഡ് ബുൾ റേസിങ്, ആൽപൈൻ (റെനോ), വില്യംസ് റേസിങ്, ഐക്കണിക്, ലോട്ടസ്, ടീമുകൾ ചാമ്പ്യൻഷിപ്പിൽ അവരവരുടേതായ മികവുകളിൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ഫെരാരിയാണ് എഫ്1 ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയതും വിജയകരവുമായ ടീം, അതിന്റെ വ്യതിരിക്തമായ ചുവന്ന കാറുകളും ഫെറാറിയുടെ ആരാധകവൃന്ദവും പേരുകേട്ടതാണ്.
മക്ലാരൻ ടീം നൂതന എൻജിനീയറിങ്ങിനും മത്സര മനോഭാവത്തിനും പേരുകേട്ടവരെങ്കിൽ, ഹൈബ്രിഡ് യുഗത്തിൽ ആധിപത്യം പുലർത്തിയ മെഴ്സിഡസ് ടീം 2014 മുതൽ തുടർച്ചയായി ഒന്നിലധികം കൺസ്ട്രക്ടേഴ്സ് ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. സമീപകാലത്തെ നിരവധി വിജയങ്ങൾ നേടിയിട്ടുള്ളവരാണ് റെഡ് ബുൾ ടീം. പ്രത്യേകിച്ച് 2010കളുടെ തുടക്കത്തിൽ. സെബാസ്റ്റ്യൻ വെറ്റലിനൊപ്പം തുടർച്ചയായി നാല് കിരീടങ്ങൾ അവർ നേടി. യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് അംഗീകാരം ലഭിച്ച റെഡ് ബുള്ളിന്റെ സഹോദര ടീമാണിപ്പോൾ ആൽഫ റോമിയോ. പഴയ ടീമായ ടോറോ റോസ്സോയുടെ പുതിയ പേരാണ് ആൽഫടൗറി. ഈ ടീമുകൾ ട്രാക്കിൽ വിജയം നേടുക മാത്രമല്ല, കായികരംഗത്തിന്റെ വികസനത്തിനും ജനപ്രീതിക്കും ഗണ്യമായ സംഭാവനയും നൽകുന്നു.
എഫ്1 കാറുകൾ എൻജിനീയറിങ്ങിന്റെ കാര്യത്തിൽ അത്ഭുതം തന്നെയാണ്. കാർബൺ ഫൈബർ പോലുള്ള നൂതന വസ്തുക്കൾ ഉൾക്കൊള്ളുന്ന ഭാരം കുറഞ്ഞതും വായുസഞ്ചാരമുള്ളതുമായ രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. പരമ്പരാഗത ആന്തരിക ജ്വലന എൻജിനെ ഒരു ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ച് പ്രകടനവും കാര്യക്ഷമതയും ഒപ്റ്റിമൈസ് ചെയ്യുന്ന ഒരു ഹൈബ്രിഡ് പവർ യൂനിറ്റ് ഓരോ കാറിലും സജ്ജീകരിച്ചിരിക്കുന്നു. ഡൗൺഫോഴ്സ്, ടയർ മാനേജ്മെന്റ്, സസ്പെൻഷൻ, എൻജിൻ ഓയിൽ, തുടങ്ങിയ ഘടകങ്ങൾ ലാപ് സമയങ്ങളെ സാരമായി സ്വാധീനിക്കുന്നതിനാൽ ഒരു കാറിന്റെ രൂപകൽപനയും സജ്ജീകരണവും നിർണായകമാണ്.
ഫോർമുല വൺ പോലുള്ള മോട്ടോർ വാഹന റേസിങ്ങുകൾ മോട്ടോർ സാങ്കേതിക വികസനരംഗത്ത് നൽകുന്ന സംഭാവനകൾ വലുതാണ്. കാർ റേസിങ്ങിന്റെ പ്രകടനം, സുരക്ഷ, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്ന നിരവധി നൂതന സാങ്കേതികവിദ്യകളുടെ സംയോജനവും കണ്ടുപിടിത്തങ്ങളും മോട്ടോർ വാഹന മേഖലക്ക് ഓരോ വർഷവും സമ്മാനിക്കുന്നുണ്ട്. പുതിയ സാങ്കേതികവിദ്യകൾ റേസിങ്ങിന്റെ പരിധികൾ മറികടക്കുക മാത്രമല്ല, ഓട്ടോമൊബൈൽ രംഗത്ത് താൽപര്യമുള്ള വലിയൊരു വിഭാഗം ജനങ്ങൾക്ക് അറിവിലൂടെ കാർ റൈസിങ്ങിന്റെ ആരാധക വൃന്ദത്തിന്റെ ഭാഗമാവാൻ പ്രേരിപ്പിക്കുകയും ഉപഭോക്തൃ വാഹനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഓട്ടോമോട്ടിവ് സാങ്കേതികവിദ്യയിലെ വികസനത്തിനും സംഭാവന നൽകുന്നു.
കാറോട്ട പ്രേമികളുടെ വേഗപ്പൂരം
ലോകമെമ്പാടുമുള്ള വിവിധ സർക്യൂട്ടുകളിൽ നടക്കുന്ന ഗ്രാൻഡ്സ് പ്രിക്സ് എന്നറിയപ്പെടുന്ന റേസുകളുടെ പരമ്പര എഫ്1 കലണ്ടറിൽ ലഭ്യമാണ്. മൊണാക്കോയുടെ ഇടുങ്ങിയ കോണുകൾ മുതൽ മോൺസയുടെ അതിവേഗ സ്ട്രെയ്റ്റുകൾ വരെ ഓരോ സ്ഥലവും അതുല്യമായ മത്സരവും വെല്ലുവിളികളും കാണികൾക്ക് ഓരോ വർഷവും സമ്മാനിക്കുന്നു. ഓരോ റൈസിങ്ങിന് മുമ്പും സാധാരണയായി പരിശീലന സെഷനുകൾ, യോഗ്യത മത്സരങ്ങൾ, പ്രധാന ഇവന്റ് എന്നിവ ഉൾപ്പെടുന്നു, ഡ്രൈവേഴ്സ് ആൻഡ് കൺസ്ട്രക്ടേഴ്സ് ചാമ്പ്യൻഷിപ്പുകൾക്ക് കാരണമാകുന്ന പോയന്റുകൾക്കായും ഡ്രൈവർമാർ മത്സരിക്കുന്നു.
വേഗത്തെ നിയന്ത്രിച്ച് വിജയത്തിൽ എത്താൻ തന്ത്രങ്ങൾക്ക് നിർണായക പങ്ക് വഹിക്കാനാവുന്ന ഒരു മത്സരം കൂടിയാണ് ഫോർമുല വൺ മത്സരങ്ങൾ. മോട്ടോർ കായികരംഗത്തെ ശക്തമായ പ്രകടനങ്ങളും ചരിത്രപരമായ നേട്ടങ്ങളും കൈവരിച്ച ടീമുകളും ഡ്രൈവർമാരും മിന്നൽ വേഗത്തിലോടുന്ന വിവിധ വർണങ്ങളിലും രൂപങ്ങളിലുമുള്ള കാറുകളും അത്യാധുനിക സാങ്കേതികവിദ്യയുമെല്ലാം ഫോർമുല വണിന്റെ ആരാധകരെ ഓരോ തലമുറയിലും വർധിപ്പിച്ചുകൊണ്ടിരിക്കുന്നു.
വിജയസാധ്യത പരമാവധിയാക്കാൻ ടീമുകൾ പിറ്റ് സ്റ്റോപ്പുകൾ, ടയർ തെരഞ്ഞെടുപ്പുകൾ, റേസ് തന്ത്രങ്ങൾ എന്നിവ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യണം. ഡ്രൈവർമാർക്കും അവരുടെ ടീമുകൾക്കും ഇടയിലുള്ള ചലനാത്മകതയും അതിവേഗ ഇടപെടലുകളും മത്സരയിനത്തിന്റെ മാത്രം പ്രത്യേകതയാണ്. അതിവേഗത്തില് ഓടിച്ച് മുന്നേറുന്ന ഒരു ഡ്രൈവർക്ക് തന്റെ ടീമംഗങ്ങൾ- മറ്റ് സപ്പോർട്ടിങ് സ്റ്റാഫുകൾ എന്നിവർ മത്സരസമയത്ത് നൽകുന്ന ചടുലമായ നീക്കങ്ങൾ വിജയത്തിലേക്കുള്ള സുപ്രധാന ഘടകങ്ങളാണ്. റേസുകൾക്കിടയിൽ സെക്കൻഡുകൾകൊണ്ട് തീരുമാനങ്ങൾ എടുക്കുന്നതിന് എൻജിനീയർമാരും തന്ത്രജ്ഞരും നിരന്തരം ഡേറ്റ വിശകലനം ചെയ്യുന്ന കാഴ്ചകൾ പോലും മത്സരവേദികളിൽ ആവേശമാവാറുണ്ട്.
കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടയിൽ മൈക്കൽ ഷൂമാക്കർ, ജുവാൻ മാനുവൽ, നിക്കി ലൗഡാ, അയർട്ടൺ സെന്ന, ഫാൻജിയോ, ലൂയിസ് ഹാമിൽട്ടൺ, മാക്സ് വെർസ്റ്റാപ്പൻ, ചാൾസ് ലെക്ലർക്ക് തുടങ്ങിയ ശ്രദ്ധേയരായ ഫോർമുല വൺ ഡ്രൈവർമാരെല്ലാം ജീവൻ പണയം വെച്ച് മിന്നൽ വേഗത്തിൽ മത്സരിച്ചോടി നിമിഷങ്ങളുടെ വ്യത്യാസത്തിൽ വിജയകിരീടം സ്വന്തമാക്കിയ അതിപ്രശസ്തരും ലോകവ്യാപകമായി അനേകായിരം ആരാധക വൃന്ദമുള്ളവരുമാണ്. 500 കോടിയിലധികം രൂപ വാര്ഷിക വരുമാനമുള്ള ഓരോ ഡ്രൈവർമാരും ജീവൻ പണയപ്പെടുത്തിയാണ് മത്സരത്തിൽ പങ്കാളികളാവുന്നത്.
2025 ഫോർമുല വൺ ചാമ്പ്യൻഷിപ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഖത്തർ ഗ്രാൻഡ് പ്രിക്സ് സീസണിലെ ഏറ്റവും നിർണായകമായ റേസുകളിൽ ഒന്നായി മാറാൻ പോവുകയാണ്. പ്രത്യേകിച്ച് ലാൻഡോ നോറിസ് 390 പോയന്റുമായി ഒന്നാം സ്ഥാനത്തും മാക്സ് വെർസ്റ്റാപ്പനും ഓസ്കാർ പിയാസ്ട്രിയും 366 പോയന്റുകൾ വീതം നേടി തൊട്ടുപിന്നിലുമായി നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ഖത്തർ ഗ്രാൻഡ് പ്രിക്സിൽ ശനിയാഴ്ച സ്പ്രിന്റ് മത്സരത്തിലെ പോയന്റ് വർധന എതിരാളികൾക്ക് കുറവുള്ള പോയന്റ് നികത്താൻ അപൂർവമായ അവസരം നൽകും. ഇതിലൂടെ ചാമ്പ്യൻഷിപ് നേരത്തേ ഉറപ്പാക്കാൻ നോറിസിന് രണ്ട് എതിരാളികളെയും രണ്ട് പോയന്റുകൾ മാത്രം മറികടന്നാൽ മതി. ടയറിന്റെ ആവശ്യകതകൾ, മാറിക്കൊണ്ടിരിക്കുന്ന രാത്രികാല കാലാവസ്ഥ സാഹചര്യങ്ങൾ, കർശനമായ ടയർ ഉപയോഗ പരിധികൾ, കൂടാതെ പോയന്റ് നഷ്ടമാവുന്ന ഒരു തെറ്റ് പോലും നാടകീയമായി മത്സര ഫലങ്ങൾ മാറാൻ ഇടയാക്കും.
വിസ്മയക്കാഴ്ചയൊരുക്കാൻ ലുസൈൽ സർക്യൂട്ട്
2021ൽ തുടക്കമിട്ട ലുസൈൽ സർക്യൂട്ട് സ്പോർട്സ് സെന്റർ, 2022 ലെ ഫിഫ ലോകകപ്പിനായി നിർമിച്ച ലുസൈൽ ഐക്കണിക് സ്റ്റേഡിയത്തിന്റെ ഭാഗമാണ്. വൈവിധ്യമാർന്ന മോട്ടോർസ്പോർട് ഇവന്റുകളും മറ്റ് സ്പോർട്സ് പ്രവർത്തനങ്ങളും നടത്തുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന മികച്ച കായികകേന്ദ്രമാണിത്. ലുസൈൽ സർക്യൂട്ടിന്റ രൂപകൽപന ലോകോത്തര നിലവാരം പുലർത്തുന്നതാണ്. മോട്ടോർ സ്പോർട്സ് ഇവന്റുകൾക്കായുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന 5.4 കിലോമീറ്റർ നീളമുള്ള അത്യാധുനിക റേസിങ് സർക്യൂട്ട്, ഫോർമുല വൺ, വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്, മോട്ടോ ജി.പി ഇവന്റുകൾ ഉൾപ്പെടെ വ്യത്യസ്തതരം മത്സരങ്ങൾ നടത്താൻ കഴിയുന്ന വിവിധ കോൺഫിഗറേഷനുകൾ എന്നിവയും സർക്യൂട്ടിന്റെ ഭാഗമാണ്.
റേസിങ് ട്രാക്കിന് പുറമേ, കാണികൾക്കുള്ള ഗ്രാൻഡ് സ്റ്റാൻഡുകൾ, ഹോസ്പിറ്റാലിറ്റി സ്യൂട്ടുകൾ, മീഡിയ സൗകര്യങ്ങൾ, സ്പോർട്സിനും വിനോദത്തിനുമുള്ള സൗകര്യങ്ങൾ, വിശാലമായ പാർക്കിങ്, ലോകോത്തര നിലവാരമുള്ള സുരക്ഷ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ആനന്ദവും അറിവും; പകരാൻ ഫാൻ സോൺ
വിനോദവും സംസ്കാരവും അറിവ് പകരുന്ന നൂതനാശയങ്ങളും ഫോർമുല വൺ റൈസിങ് ആവേശവും ഖത്തറിന്റെ സംഘാടന മികവും സമ്മേളിക്കുന്ന ഉത്സവാന്തരീക്ഷത്തിലാണ് ലുസൈൽ സർക്യൂട്ട് ഫാൻ സോൺ പ്രദേശം. സന്ദർശകർക്ക് ഡ്രൈവർമാരുമായി നേരിട്ട് സംവദിക്കാനും റേസിങ് ലോകത്തിൽനിന്നുള്ള എക്സ് ക്ലൂസിവ് വിവരങ്ങൾ അറിയാനുമുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിന്റെ രൂപകൽപനയിൽ ആസ്വദിക്കാവുന്ന ഇലക്ട്രിക് ഡ്രൈവിങ്, ശാസ്ത്രവും മോട്ടോർസ്പോർട്സും സംയോജിപ്പിക്കുന്ന ഒരു സംവേദനാത്മക മേഖലയായ 'ഗിന്നസ് ഡോം', എയ്റോഡൈനാമിക്സ്, എൻജിനീയറിങ്, റേസിങ് തന്ത്രങ്ങളുടെ വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും അവസരമുണ്ട്.
ഓഗ് മെന്റഡ് റിയാലിറ്റി റേസിങ്, സിമുലേറ്ററുകളും എ.ആർ അനുഭവങ്ങളും ഉൾക്കൊള്ളുന്ന ഓഗ് മെന്റഡ് റിയാലിറ്റി റേസിങ്, റേസിങ് സിമുലേറ്ററുകൾ, പ്ലേ സ്റ്റേഷൻ കൺസോളുകൾ, ഇ-ഗെയിമിങ് സോൺ തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് ഖത്തർ ഗ്രാൻഡ് പ്രിക്സിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ, സന്ദർശകർക്ക് സ്വയം മത്സരിക്കാനും ഔദ്യോഗിക ഫോർമുല 1 ഫോട്ടോ ബൂത്തിലെ പോഡിയത്തിൽനിന്ന് ഫോട്ടോകൾ എടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രീയിൽ ഫോർമുല 1 സ്പ്രിന്റ്, ഫോർമുല 2 ചാമ്പ്യൻഷിപ്, പോർഷെ കരേര കപ്പ് മിഡിലീസ്റ്റ് എന്നിവയുൾപ്പെടെ ആവേശകരമായ ഒരു നിര തന്നെ ഉണ്ടാകും. ട്രാക്കിന് പുറത്ത്, മികച്ച അന്താരാഷ്ട്ര താരങ്ങളുടെ തത്സമയ പ്രകടനങ്ങൾ സന്ദർകർക്ക് ആവേശം പകരും. നവംബർ 28ന് നടക്കുന്ന ഫാമിലി ഫ്രൈഡേ നൈറ്റ് ഷോയിൽ ബ്രിട്ടീഷ് ആർട്ടിസ്റ്റ് സീൽ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ, ഇതിഹാസ റോക്ക് ബാൻഡ് മെറ്റാലിക്ക ഞായറാഴ്ച റേസ് ദിനത്തിൽ ഗംഭീര പ്രകടനത്തോടെ ആഘോഷങ്ങൾ അവസാനിപ്പിക്കും.
ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രീയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് മിഡിലീസ്റ്റിലെ ആദ്യത്തെ ലെഗോ എക്സ്പീരിയൻസ് ആയിരിക്കുമെന്നും, ആഗോള ഫോർമുല 1 തീം പ്രവർത്തനങ്ങളുടെ പ്രദർശനവും ഉണ്ടാവും. സന്ദർശകർക്ക് മിനിയേച്ചർ ഫോർമുല 1 കാറുകൾ നിർമിക്കാനും, ലെഗോ ബ്രിക്ക്സ് ഉപയോഗിച്ച് പിറ്റ് ലെയ്നും ഗാരേജും പര്യവേക്ഷണം ചെയ്യാനും ഖത്തർ ഗ്രാൻഡ് പ്രിക്സ് ലോഗോ വഹിക്കുന്ന ഒരു എക്സ് ക്ലൂസിവ് ബോക്സിൽ അവരുടെ സൃഷ്ടികൾ സൂക്ഷിക്കാനും അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

