പിന്നാക്ക രാജ്യങ്ങൾക്ക് കരുതലായി ഖത്തർ
text_fieldsവിദേശകാര്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി
യു.എൻ ലീസ്റ്റ് ഡെവലപ്ഡ് കൺട്രീസ് സമ്മേളനത്തിന്റെ ഭാഗമായി ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ ഐക്യരാഷ്ട്ര സഭയുടെയും ഖത്തറിന്റെയും പതാകകൾ ഉയർത്തുന്നു.ദോഹ: ലോകത്ത് വികസനം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ ക്ഷേമത്തിനും പുരോഗമനത്തിനുമായി 2020 മുതൽ ഖത്തർ ധനസഹായമായി നൽകിയത് 130 കോടി റിയാൽ (ഏകദേശം 363 ദശലക്ഷം ഡോളർ). ആഗോള, പ്രാദേശിക തലങ്ങളിൽ സമൃദ്ധിയും സ്ഥിരതയും സാക്ഷാത്കരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ സാമ്പത്തിക പിന്തുണ.
ഐക്യരാഷ്ട്ര സഭയുടെ ലീസ്റ്റ് ഡെവലപ്ഡ് കൺട്രീസ് സമ്മേളനത്തിന് നാളെ ദോഹയിൽ തുടക്കം കുറിക്കാൻ ഇരിക്കെയാണ് ഈ രാജ്യങ്ങളുടെ വികസനത്തിൽ ഖത്തറിന്റെ പങ്ക് വ്യക്തമാക്കുന്നത്. വിദേശകാര്യമന്ത്രിയുടെ ഉപദേഷ്ടാവും ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരിയാണ് ഇക്കാര്യം വിശദീകരിച്ചത്.
വികസനം ഏറ്റവും കുറഞ്ഞ രാജ്യങ്ങളെ പിന്തുണക്കുന്നതിൽ പ്രധാനപ്പെട്ടതും മുൻപന്തിയിൽ നിൽക്കുന്നതുമായ രാജ്യമാണ് ഖത്തറെന്നും ഡോ. മാജിദ് അൽ അൻസാരി ചൂണ്ടിക്കാട്ടി. മാർച്ച് അഞ്ച് മുതൽ ഒമ്പത് വരെ നടക്കുന്ന അഞ്ചാമത് ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ (എൽ.ഡി.എസ് 5) പങ്കെടുക്കുന്ന പങ്കാളികളെ സ്വീകരിക്കാൻ ഖത്തർ പൂർണ സജ്ജമാണെന്നും ഡോ. അൽ അൻസാരി പറഞ്ഞു.
യു.എൻ ലീസ്റ്റ് ഡെവലപ്ഡ് കൺട്രീസ് സമ്മേളനത്തിന്റെ ഭാഗമായി ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ ഐക്യരാഷ്ട്ര സഭയുടെയും ഖത്തറിന്റെയും പതാകകൾ ഉയർത്തുന്നു.
വിവിധോദ്ദേശ്യ അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ പ്രത്യേകിച്ച് വികസനപ്രവർത്തനങ്ങളുടെ തലസ്ഥാനമാണ് ദോഹയെന്നും വികസനം ഏറ്റവും കുറഞ്ഞ രാജ്യങ്ങളെ പിന്തുണക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്ന പ്രധാന രാജ്യമാണ് ഖത്തറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭ വർഗീകരണം അനുസരിച്ച് നിലവിൽ 46 രാജ്യങ്ങളെയാണ് എൽ.ഡി.സി (ലീസ്റ്റ് ഡെവലപ്ഡ് കൺട്രീസ്) ആയി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ തലങ്ങളിലും വികസനം ഏറ്റവും കുറഞ്ഞ രാജ്യങ്ങളെ പിന്തുണക്കുന്നതിനുള്ള വേദിയാണ് എൽ.ഡി.സി 5. നിരവധി നേതാക്കൾക്കും മന്ത്രിമാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും വിദഗ്ധർക്കും പുറമേ, വിദേശത്ത് നിന്നും 5000ത്തിനടുത്ത് പ്രതിനിധികളും ഖത്തറിൽ നിന്ന് ആയിരത്തോളം പ്രതിനിധികളും സുപ്രധാന സമ്മേളനത്തിൽ പങ്കെടുക്കും.
2018ൽ വിവിധ മേഖലകളിലായി യു.എന്നുമായി ഒപ്പുവെച്ച കരാറുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഐക്യരാഷ്ട്രസഭക്ക് മുമ്പാകെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രഖ്യാപിച്ച യു.എൻ ഹൗസ് സമ്മേളനത്തോടനുബന്ധിച്ച് ദോഹയിൽ ഉദ്ഘാടനം നിർവഹിക്കപ്പെടുമെന്നും ഡോ. അൽ അൻസാരി അറിയിച്ചു.
ഖത്തർ ഐക്യരാഷ്ട്രസഭയുടെ പഴയ പങ്കാളിയാണ്. യു.എന്നും ഖത്തറും തമ്മിലുള്ള ബന്ധം ചരിത്രപരവും വിപുലവും വൈവിധ്യപൂർണവുമാണ്. യുനെസ്കോ, അന്താരാഷ്ട്ര തൊഴിൽ സംഘടന, ലോകാരോഗ്യ സംഘടന, തുടങ്ങിയവയുടെ ഓഫിസുകളുൾപ്പെടെ 12 ഓഫിസുകൾ യു.എൻ ഹൗസിൽ ഉൾപ്പെടുത്തും -അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്ത് വർഷത്തിലൊരിക്കലാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത് എന്നതിനാൽതന്നെ ഏറ്റവും കുറഞ്ഞ വികസിത രാജ്യങ്ങളിലെ സുസ്ഥിര വികസന ചക്രം ത്വരിതപ്പെടുത്താനുള്ള യോജിച്ച അന്താരാഷ്ട്ര ശ്രമങ്ങൾക്കുള്ള അവസരമാണ് എൽ.ഡി.സി 5 എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എൻ സമ്മേളനത്തിന് കൊടി ഉയർന്നു
ദോഹ: ലോകത്തെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ അഞ്ചാമത് സമ്മേളനം നാളെ തുടങ്ങാനിരിക്കെ വേദിയായ നാഷനൽ കൺവെൻഷൻ സെന്ററിൽ പതാക ഉയർത്തി. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസൻ അൽ ഹമ്മാദിയുടെ നേതൃത്വത്തിലായിരുന്നു പതാക ഉയർത്തിയത്.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വികസനം ഉറപ്പാക്കാനും ഇത്തരം രാജ്യങ്ങളിൽ ലോകത്തിന്റെ കൂടുതൽ ശ്രദ്ധ പതിയൽ ആവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

