ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് പുതിയ നേതൃത്വം
text_fieldsദോഹ: ലോകത്തിലെ ഏറ്റവും വലിയ പരമാധികര ഫണ്ടുകളിലൊന്നായ ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് പുതിയ അമരക്കാരൻ.
അതോറിറ്റിയുടെ പുതിയ സി ഇ ഒ ആയി മൻസൂർ ബിൻ ഇബ്റാഹിം ആൽ മഹ്മൂദിനെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിയമിച്ചു.
അതോറിറ്റി സി ഇ ഒ ആയിരുന്ന ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി സഹമന്ത്രിയായി നിയമിതനായതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് മൻസൂർ ആൽ മഹ്മൂദിനെ സി ഇ ഒ ആയി നിയമിച്ചിരിക്കുന്നത്. 2018ലെ അമീരീ ഉത്തരവ് നാലാം നമ്പർ പ്രകാരമാണ് ശൈഖ് അബ്ദുല്ല സഹമന്ത്രിയായി ചുമതലയേറ്റത്.
നിലവിൽ ഖത്തർ മ്യൂസിയത്തിെൻറ സി ഇ ഒ ആയി പ്രവർത്തിക്കുന്ന ആൽ മഹ്മൂദ്, ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുടെ റിസ്ക് മാനേജ്മെൻറ് വിഭാഗം തലവനായി ജോലി ചെയ്തിട്ടുണ്ട്. സോവറിൻ ഫണ്ട് ഇൻറ്റിറ്റ്യൂട്ടിെൻറ റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ ഏറ്റവും വലിയ 10ാമത് സാമ്പത്തിക ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് ഏകദേശം 320 ബില്യൻ ഡോളറിെൻറ ആസ്തിയുണ്ട്.
