രുചിപ്പെരുമയുമായി ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള
text_fieldsഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേളയുടെ ഉദ്ഘാടന ചടങ്ങിൽ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി, ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ
ദോഹ: രുചിവൈവിധ്യങ്ങളുടെ ഉത്സവമായി 14ാമത് ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് കൊടിയേറി. വിസിറ്റ് ഖത്തർ നേതൃത്വത്തിൽ ഹോട്ടൽ പാർക്ക് വേദിയിൽ ആരംഭിച്ച മേള 10 ദിവസം നീളും.
ഉദ്ഘാടന ചടങ്ങിൽ ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി, ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ എന്നിവർ ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രുചിമേളങ്ങളും പാചക വിദഗ്ധരും, പാചകരീതികളുമായാണ് ഇത്തവണ അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് തുടക്കംകുറിച്ചത്.
നൂറിലേറെ പ്രാദേശിക സ്റ്റാളുകൾ, 27 അന്താരാഷ്ട്ര റസ്റ്റാറന്റുകൾ, കഫേകൾ, വൈവിധ്യമാർന്ന വിനോദ പരിപാടികൾ എന്നിവയോടെയാണ് ഇത്തവണ മേള ആരംഭിച്ചത്. മുൻകാല പതിപ്പുകളേക്കാൾ ഏറ്റവും മികച്ച ഭക്ഷ്യമേളക്കാണ് രാജ്യം വേദിയൊരുക്കുന്നതെന്ന് വിസിറ്റ് ഖത്തർ പറഞ്ഞു.
രുചിവൈവിധ്യത്തിലും ആതിഥ്യത്തിലും ഖത്തർ ലോകോത്തര കേന്ദ്രമായി മാറുകയാണെന്ന് വിസിറ്റ് ഖത്തർ സി.ഇ.ഒ എൻജി. അബ്ദുൽ അസീസ് അൽ മൗലവി പറഞ്ഞു.
ഖത്തറിന്റെ സമ്പന്നമായ പാചകരീതികളുടെയും രുചിയുടെയും ആഘോഷത്തിനൊപ്പം ഇതു ലോകമെങ്ങുമുള്ള സഞ്ചാരികൾക്ക് പരിചയപ്പെടുത്താനുള്ള വേദികൂടിയായി മാറുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. മേളയോടനുബന്ധിച്ച് കലാപ്രകടനങ്ങൾ, വെടിക്കെട്ട് എന്നിവയും അരങ്ങേറുന്നുണ്ട്.
ആദ്യദിനത്തിൽതന്നെ സന്ദർശക സാന്നിധ്യവും ശ്രദ്ധേയമായി. ഖത്തറിന്റെ തനത് രുചികളുമായി പ്രത്യേക സെഷനും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള ശിൽപശാല, ഖിഫ് ജൂനിയേഴ്സ്, കുടുംബ പരിപാടികൾ എന്നിവയും ഇത്തവണത്തെ മേളയെ ആകർഷകമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

