മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കി ഖത്തർ
text_fieldsദോഹ: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ആശയവിനിമയം നടത്തി.
സൗദി അറേബ്യ വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബർ അൽ അഹമ്മദ് അസ്സബാഹ്, ജോർഡാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഡോ. അയ്മൻ സഫാദി എന്നിവരുമായാണ് ഖത്തർ പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളും സംഭാഷണത്തിനിടെ ചർച്ചയായി. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണകൾ കൃത്യമായി നടപ്പിലാക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളും തയാറാകണമെന്ന് ഖത്തർ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും ഹുർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം ചർച്ചകളിൽ ഉയർന്നുവന്നു.
മേഖലയിൽ സുസ്ഥിരമായ സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രിമാർ അഭിപ്രായപ്പെട്ടു. മേഖലയിലെ സംഘർഷങ്ങൾ കുറക്കുന്നതിനും സമഗ്രമായ സമാധാന കരാറിലെത്തുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി. ഖത്തറും സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുമുള്ള വഴികളും നേതാക്കൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

