മേഖലയിലെ സമാധാനവും സ്വാതന്ത്ര സമുദ്ര സഞ്ചാരവും; നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കി ഖത്തർ
text_fieldsദോഹ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമായി നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കി ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി സൗഹൃദ രാജ്യങ്ങളായ ഈജിപ്ത്, തുർക്കിയ, ലെബനൻ എന്നിവിടങ്ങളിലെ ഉന്നത നേതാക്കളുമായി ഫോൺ സംഭാഷണം നടത്തി.
ലെബനൻ പ്രധാനമന്ത്രി ഡോ. നവാഫ് സലാം, ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദല്ലെത്തി, തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ എന്നിവരുമായാണ് ഖത്തർ പ്രധാനമന്ത്രി പ്രത്യേകമായി ചർച്ച നടത്തിയത്. യു.എസിന്റെ ഇറാൻ ആക്രമണവും, അയൽരാജ്യങ്ങൾക്കുനേരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണത്തിന്റെയും സാഹചര്യത്തിലാണ് പ്രധാനമന്ത്രി വിവിധ രാഷ്ട്രങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
മേഖലയിലെ പുതിയ സംഭവ വികാസങ്ങളും, സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി നടത്തുന്ന സംയുക്ത നയതന്ത്ര നീക്കങ്ങളും ചർച്ചയായി. അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതുമായ ഒരു സമഗ്ര കരാറിലെത്താനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ സംയുക്ത ഏകോപനവും നയതന്ത്ര സംഭാഷണങ്ങളും അത്യന്താപേക്ഷിതമാണെന്ന് ചർച്ചകളിൽ ഖത്തർ വ്യക്തമാക്കി. ബന്ധപ്പെട്ട രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്തം വിപുലീകരിക്കുന്നതിനുമുള്ള മാർഗങ്ങളും അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

