ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡി: എ.പി മണികണ്ഠൻ, ഇ.പി അബ്ദുറഹ്മാൻ , ഷാനവാസ് ബാവ പ്രസിഡന്റുമാർ
text_fieldsഎ.പി മണികണ്ഠൻ (ഐ.സി.സി), ഷാനവാസ് ബാവ (ഐ.സി.ബി.എഫ്), ഇ.പി അബ്ദുൽറഹ്മാൻ (ഐ.എസ്.സി)
ഇ.പി അബ്ദുൽറഹ്മാൻ (ഐ.എസ്.സി),
ദോഹ: വീറും വാശിയും നിറഞ്ഞ ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് ബോഡി സംഘടനകളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായതിനു പിന്നാലെ ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റായി എ.പി മണികണ്ഠനെയും, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റായി ഇ.പി അബ്ദുറഹ്മാനെയും ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റായി ഷാനവാസ് ബാവയെയും തെരഞ്ഞെടുത്തു. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന വോട്ടെടുപ്പിനൊടുവിലാണ് മൂന്ന് ബോഡികളിലേക്കുമുള്ള പ്രസിഡന്റിനെയും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തത്. രണ്ടു വർഷമാണ് പുതിയ ഭരണ സമിതിയുടെ കാലാവധി.
വോട്ടിങ്ങ് പ്ലാറ്റ്ഫോം ആയ ഡിജി ആപ്പിലെ സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടു തവണ മാറ്റിവെച്ച വോട്ടെടുപ്പ് വെള്ളി, ശനി ദിവസങ്ങളിലായി മൂന്ന് ഘട്ടങ്ങളായാണ് പൂർത്തിയായത്. ഐ.സി.സി, ഐ.എസ്.സി എന്നിവയിലേക്ക് വെള്ളിയാഴ്ച രാവിലെയും ഉച്ച കഴിഞ്ഞും, ഐ.സി.ബി.എഫിലേക്ക് ശനിയാഴ്ച ഉച്ചക്കും വോട്ടെടുപ്പ് നടന്നു.
2019-20 കാലയളവിൽ ഐ.സി.സി പ്രസിഡന്റായിരുന്ന എ.പി മണികണ്ഠൻ ഖത്തറിലെ സജീവമായ പൊതു പ്രവർത്തകനണ്. തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയായ പി. നാസറുദ്ദീൻ 375 വോട്ട് നേടിയപ്പോൾ മണികണ്ഠൻ 1269 വോട്ട് സ്വന്തമാക്കി. ഇന്ത്യൻ സമൂഹത്തിന്റെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന സംഘടനയാണ് ഐ.സി.സി.
ശക്തമായ മത്സരം നടന്ന ഐ.സി.ബി.എഫ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഷാനവാസ് ബാവ 2026 വോട്ട് നേടിയാണ് വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർഥിയും നിലവിലെ ജനറൽ സെക്രട്ടറിയുമായ സാബിത് സഹീർ 1621 വോട്ടുമായി പിന്തള്ളപ്പെട്ടു. തൊഴിലാളി ക്ഷേമം, സാമൂഹ്യ പ്രവർത്തനം ഉൾപ്പെടെ വിവിധ മേഖലകളിൽ ശക്തമായ ഇടപെടൽ നടത്തുന്ന ജീവകാരുണ്യ വിഭാഗമാണ് ഐ.സി.ബി.എഫ്.
ഐ.എസ്.സി പ്രസിഡന്റായി കെയർ ആന്റ് ക്യൂവർ സ്ഥാപനങ്ങളുടെ ചെയർമാൻ ഇ.പി അബ്ദുൽ റഹ്മാൻ 1272 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടു. എതിർസ്ഥാനാർഥി ആഷിഖ് അഹമ്മദിന് 531 വോട്ടേ നേടാൻ കഴിഞ്ഞുള്ളൂ. വിവിധ ബോഡികളുടെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
-ഐ.സി.സി
പ്രസിഡന്റ്: എ.പി മണികണ്ഠൻ (1269 വോട്ട്).
മാനേജ്മെന്റ് കമ്മിറ്റി: എബ്രഹാം കണ്ടത്തിൽ ജോസഫ് (1157), എം. ജാഫർഖാൻ (1285), മോഹൻ കുമാർ ദുരൈസാമി (1204), സുമ മഹേഷ് ഗൗഡ (1087)
-ഐ.സി.ബി.എഫ്
പ്രസിഡന്റ് : ഷാനവാസ് ബാവ (2026)
മാനേജ്മെന്റ് കമ്മിറ്റി: കെ. മുഹമ്മദ് കുഞ്ഞി (2099), കുൽദീപ് കൗർ ബഹൽ (1940, വർക്കി ബോബൻ (2066), ദീപക് ഷെട്ടി (1864).
എ.ഒ പ്രതിനിധി: സമീർ അഹമ്മദ് (8).
-ഐ.എസ്.സി
പ്രസിഡന്റ്: മുഹമ്മദ് അബ്ദുറഹ്മാൻ ഇ.പി (1272)
എം.സി മെംബർ: നിഹാദ് മുഹമ്മദ് അലി (1428), പ്രദീപ് മാധവൻ പിള്ള (1742), ഷാലിനി തിവാരി (1726), ജോ ദേശായ് (1703)
എ.ഒ: ദീപേഷ് ഗോവിന്ദൻ കുട്ടി (5).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

