ഖത്തർ–ഇന്ത്യ എയർ ബബ്ൾ കരാർ ഡിസംബർ 31 വരെ നീട്ടി
text_fieldsഖത്തറിലെ ഇന്ത്യൻ എംബസി
ദോഹ: ഖത്തറും ഇന്ത്യയും തമ്മിൽ ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവിസുകൾ നടത്താനുള്ള എയർബബ്ൾ കരാറിൻെറ കാലാവധി ഡിസംബർ 31 വരെ നീട്ടി. നേരത്തേ ഇത് ഒക്ടോബർ 31 വരെയായിരുന്നു. ഇതിനിടക്ക് സാധാരണ വിമാനസർവിസുകൾ ആരംഭിക്കുകയാണെങ്കിൽ അതുവരെയായിരിക്കും കരാർ കാലാവധി. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കിയ എയർബബ്ൾ കരാർ ആഗസ്്റ്റ് 18നാണ് പ്രാബല്യത്തിൽ വന്നത്. നേരത്തേ ആഗസ്റ്റ് 31വരെയും പിന്നീട് ഒക്ടോബർ 31 വരെയുമാണ് കരാർ നീട്ടിയിരുന്നത്. ഇതാണ് ഇപ്പോൾ ഡിസംബർ അവസാനം വരെ ആക്കിയിരിക്കുന്നത്. കരാർ പ്രകാരം നിലവിൽ ഇന്ത്യൻ വിമാനകമ്പനികളും ഖത്തർ എയർവേസും ഇരുരാജ്യങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്. ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ആകെയുള്ള മൊത്തം സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർ എയർവേസും പങ്കുവെച്ചാണ് സർവിസ് നടത്തുന്നത്. ഖത്തർ വിസയുള്ള ഏത് ഇന്ത്യക്കാരനും ഖത്തറിലേക്ക് മടങ്ങിയെത്താം. ഖത്തരി പൗരന്മാർക്കും യാത്ര ചെയ്യാം. എന്നാൽ, ഖത്തറിലേക്ക് മാത്രമുള്ളവരാകണം യാത്രക്കാർ. ആഗസ്റ്റ് ഒന്നുമുതൽ ഐ.ഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർ റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങിയെത്തുന്നുണ്ട്.
https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ് പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. വിസാകാലാവധി കഴിഞ്ഞവർക്കുള്ള ഫീസ് ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്.ആഗസ്റ്റ് ഒന്നുമുതൽ ഐ.ഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങാനുള്ള അനുമതിയുണ്ട്. എന്നാൽ, മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനസർവിസുകൾക്കുള്ള വിലക്ക് ഇന്ത്യ ആഗസ്റ്റ് 31 വരെ നീട്ടിയതോടെ ഇന്ത്യക്കാരുടെ മടക്കം അനിശ്ചിതത്വത്തിലായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക കരാർ ഉണ്ടാക്കണമെന്ന് ശക്തമായ ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് എയർബബ്ൾ കരാർ നിലവിൽ വന്നത്. ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതോടെ നിരവധി ഇന്ത്യക്കാർ ഖത്തറിൽ മടങ്ങിയെത്തുന്നുണ്ട്. മലയാളികളടക്കം നിരവധി പേർ നിലവിൽ തിരിച്ചെത്തിക്കഴിഞ്ഞു.

