സൗരോർജ ഊർജോൽപാദനശേഷി വർധിപ്പിച്ച് ഖത്തർ
text_fieldsദോഹ: സൗരോർജ ഊർജോൽപാദന രംഗത്ത് ഖത്തറിന്റെ മുന്നേറ്റം തുടരുന്നു. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച്, ഊർജ മേഖലയിൽ വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ് ഖത്തർ. ഇതിന്റെ തുടർച്ചയായി റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള സോളാർ പ്ലാന്റ്, മിസ ഈദ് സോളാർ പ്ലാന്റ് എന്നിവയുൾപ്പെടെ ഈ വർഷം രണ്ട് പ്ലാന്റുകളാണ് ആരംഭിച്ചത്.
ഇതടക്കം ഖത്തർ നാഷനൽ വിഷൻ 2030 ന്റെയും കഴിഞ്ഞ വർഷം കഹ്റാമ ആരംഭിച്ച ഖത്തർ റിന്യുവബിൾ എനർജി സ്ട്രാറ്റജിയുടെയും ഭാഗമായി നിലവിൽ മൂന്ന് വലിയ സൗരോർജ നിലയങ്ങൾ പ്രവർത്തനക്ഷമമായിട്ടുണ്ട്, കൂടാതെ കൂടുതൽ പദ്ധതികൾ ആസൂത്രണത്തിലുമുണ്ട്.
ഊർജോൽപാദനത്തിൽ സ്വയംപര്യാപ്തത നേടിയ ഒരു രാജ്യമായിട്ടും, പുനരുപയോഗ ഊർജങ്ങളുടെ ഉൽപാദനം വർധിപ്പിക്കാനും കാർബൺ ബഹിർഗമനം കുറക്കാനും മൂന്നാം ദേശീയ വികസന നയങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ പാരിസ്ഥിതി, സാമ്പത്തിക, വികസന ലക്ഷ്യങ്ങളെ പിന്തുണക്കാനും ലക്ഷ്യമിട്ട് രണ്ടു വർഷത്തിനിടെ 200ലധികം സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചും പദ്ധതി വികസിപ്പിക്കുകയാണ്.
രാജ്യത്തെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ അൽ ഖർസാഹ് സോളാർ പവർ പ്ലാന്റ് 10 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ ഏകദേശം 1.8 ദശലക്ഷം സോളാർ പാനലുകളെ ഉൾക്കൊള്ളുന്നതാണ്. 800 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള ഈ നിലയം നിലവിൽ ഖത്തറിന്റെ വൈദ്യുതി വിതരണത്തിന്റെ അഞ്ചു ശതമാനം സംഭാവന ചെയ്യുന്നുണ്ട്. ഈ വർഷം ആരംഭിച്ച റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള സോളാർ പ്ലാന്റ്, മിസ ഈദ് സോളാർ പ്ലാന്റ് എന്നീരണ്ട് പ്ലാന്റുകളും ചേർന്ന് 875 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയായി ഒരുങ്ങുന്ന അൽ ദഖിറ സോളാർ പവർ പ്ലാന്റ് പൂർത്തിയാകുന്നതോടെ 2,000 മെഗാവാട്ട് ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇത് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ നിലയങ്ങളിൽ ഒന്നായി മാറും. എണ്ണ, ഗ്യാസ് എന്നിവയെ ആശ്രയിക്കുന്നത് കുറക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുന്നതിനും സുസ്ഥിരമായ വളർച്ചക്കും ഈ പദ്ധതികൾ വഴിയൊരുക്കും.
വലിയ പദ്ധതികൾക്ക് പുറമെ, വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും, ഫാമുകളിലും സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്ന "ബിസോളാർ സർവിസ്" എന്ന പദ്ധതി കഹ്റാമ ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കാനും, അധികമുള്ള വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് നൽകാനും ഉപഭോക്താക്കൾക്ക് സാധിക്കും. ഇതുവഴി പ്രതിമാസ വൈദ്യുതി ബില്ലുകളിൽ ഇളവ് നേടാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

