ലോക പൈതൃക സമിതിയിൽ ഖത്തർ
text_fieldsയുനെസ്കോ വേൾഡ് ഹെറിറ്റേജ് കൺവെൻഷനിൽ പങ്കെടുത്ത ഖത്തർ സംഘം
ദോഹ: 2021-2025 കാലയളവിലേക്കുള്ള ലോക പൈതൃക സമിതിയിൽ അംഗമായി ഖത്തർ. തെരഞ്ഞെടുപ്പിൽ 114 വോട്ടുകൾക്കാണ് ഖത്തർ വിജയിച്ചത്. സമിതിയിലേക്ക് മത്സരിക്കുന്ന ഒരു രാജ്യത്തിന് ലഭിച്ച ഉയർന്ന വോട്ടുനിലകൂടിയാണിത്. യുനെസ്കോ പൊതുസമ്മേളനത്തിെൻറ 41ാം സെഷനോടനുബന്ധിച്ച് നടന്ന വേൾഡ് ഹെറിറ്റേജ് കൺവെൻഷൻ ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിലാണ് പൈതൃക സമിതിയിലേക്ക് ഖത്തർ തെരഞ്ഞെടുക്കപ്പെട്ടത്. ഖത്തറിന് പിറകിൽ 103 വോട്ടുകൾ നേടി ബെൽജിയവും 100 വോട്ടുകൾ നേടി സാംബിയയും 90 വോട്ടുകളുമായി റുവാണ്ടയുമുണ്ട്.
ലോക പൈതൃക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനാർഹമായ നേട്ടമാണെന്നും ദേശീയ, അന്തർദേശീയ തലത്തിൽ ലോക പൈതൃക മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഖത്തറിെൻറ പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇതെന്നും യുനെസ്കോയിലെ ഖത്തർ സ്ഥിരം പ്രതിനിധി ഡോ. നാസർ ബിൻ ഹമദ് അൽ ഹൻസാബിനെ ഉദ്ധരിച്ച് ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
സാംസ്കാരിക പൈതൃകങ്ങളെ സംരക്ഷിക്കുന്നതിലും സുരക്ഷ ഒരുക്കുന്നതിലും ഖത്തറിെൻറ പ്രതിബദ്ധതക്കും യുനെസ്കോയിലെ ഖത്തറിെൻറ ഉയർന്ന പദവിക്കുമുള്ള തെളിവാണിതെന്നും ഡോ. അൽ ഹൻസാബ് പറഞ്ഞു. അംഗരാജ്യങ്ങളുമായി സഹകരണം ഊട്ടിയുറപ്പിക്കുമെന്നും ലോക സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുന്നതിൽ പൈതൃക സമിതിയുടെ ശ്രമങ്ങൾക്ക് ശക്തി പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു രാജ്യങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. യുനെസ്കോ സമിതികളിൽ ഏറ്റവും പ്രധാന സമിതികളിലൊന്നാണ് ലോക പൈതൃക സമിതി. 1972ലെ ലോക പൈതൃക കൺവെൻഷനിലാണ് സമിതി രൂപവത്കരിക്കപ്പെടുന്നത്. നാലു വർഷത്തേക്കുള്ള സമിതിയിൽ 21 രാജ്യങ്ങളാണുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

