ഇന്ത്യൻ ബാറ്ററികൾക്ക് അധിക തീരുവ ഈടാക്കി ഖത്തർ
text_fieldsദോഹ: ഇന്ത്യ, ദക്ഷിണ കൊറിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹന ബാറ്ററികൾക്ക് ഇറക്കുമതി നിയന്ത്രണ തീരുവ (ആന്റി ഡംപിങ് ഡ്യൂട്ടി) ചുമത്താൻ തീരുമാനിച്ച് ഖത്തർ വാണിജ്യ -വ്യവസായ മന്ത്രാലയം.
ആഭ്യന്തര ഉൽപാദകരുടെ മത്സരക്ഷമത വർധിപ്പിക്കാനും വിപണി കണ്ടെത്താനും ലക്ഷ്യമിട്ടാണ് ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ബാറ്ററികൾക്ക് അധിക നികുതി ഈടാക്കാൻ തീരുമാനിച്ചത്. വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽ ഥാനിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ ചെലവിൽ നിർമിച്ച് കയറ്റുമതിചെയ്യുന്ന വസ്തുക്കൾ, ഇറക്കുമതി ചെയ്യുന്ന രാജ്യത്തെ പ്രാദേശിക ഉൽപാദകരുടെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാക്കുന്ന സാഹചര്യത്തിലാണ് ആന്റി ഡംപിങ് തീരുവ ചുമത്തുന്നത്. നികുതിനിരക്ക് കൂടുന്നതോടെ ഇറക്കുമതി ഉൽപന്നത്തിന്റെ വില വർധിക്കുകയും ആഭ്യന്തര ഉൽപാദകർക്കും വിപണിക്കും സംരക്ഷണം നൽകുകയും ചെയ്യും.
പ്രാദേശിക ഉൽപാദകർക്കുള്ള പരിരക്ഷയെന്നോണമാണ് ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യം ഇത്തരം ഉൽപന്നങ്ങളുടെ മേൽ ആന്റി ഡംപിങ് നികുതി ചുമത്തുന്നത്. ഈ നീക്കം രാജ്യത്തെ ആഭ്യന്തര വിപണിയെയും വ്യവസായത്തെയും സംരക്ഷിക്കുന്നതിന്റെ കൂടി ഭാഗമാണ്.
ദക്ഷിണ കൊറിയയിൽനിന്ന് കയറ്റുമതി ചെയ്യുന്ന 35 മുതൽ 115 ആംപിയർ ഇലക്ട്രിക്കൽ സ്റ്റോറേജ് ബാറ്ററികൾക്കും ഇന്ത്യയിൽനിന്നുള്ള 32 മുതൽ 225 ആംപിയർ വരെ ശേഷിയുള്ള ഇലക്ട്രിക്കൽ സ്റ്റോറേജ് ബാറ്ററികൾക്കുമാണ് വാണിജ്യ വ്യവസായ മന്ത്രാലയം അധിക തീരുവ ചുമത്തിയത്.
വില കുറച്ചുകൊണ്ടുള്ള ഇറക്കുമതി തടയുന്നതിനും ആഭ്യന്തര വിപണിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും വിവിധ രാജ്യങ്ങൾ ഇത്തരം നടപടി സ്വീകരിക്കുന്നത് വ്യാപകമായിട്ടുണ്ട്. അടുത്തിടെ, ഇന്ത്യയിൽനിന്നുള്ള ചെമ്മീന് അമേരിക്കയും ചൈന, തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അലൂമിനിയം ഫോയിൽ ഇറക്കുമതിക്ക് ഇന്ത്യയും ആന്റി ഡംപിങ് ഡ്യൂട്ടി നിശ്ചയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

