തെരുവുകുട്ടികളുടെ ലോകകപ്പിന് ഖത്തർ വേദി
text_fieldsതെരുവുകുട്ടികളുടെ ലോകകപ്പിൽ നിന്ന് (ഫയൽ ചിത്രം)
ദോഹ: കാൽപന്ത് കളിയുടെ വിശ്വമേളയെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൽ മറ്റൊരു ഫുട്ബാൾ മേളകൂടി വിരുന്നെത്തുന്നു. 22 രാജ്യങ്ങളിൽ നിന്നായി 26 ടീമുകൾ പങ്കെടുക്കുന്ന തെരുവുകുട്ടികളുടെ ലോകകപ്പിന് അടുത്തവർഷം ഒക്ടോബറിൽ ഖത്തർ വേദിയാവും. ഫുട്ബാളിനൊപ്പം ഇതര കലാ-സാംസ്കാരിക പരിപാടികൾകൂടി അണിനിരക്കുന്നതാവും തെരുവുകുട്ടികളുടെ ഈ ഉത്സവകാലം. ഒക്ടോബർ മൂന്നുമുതൽ 14 വരെ പത്തു ദിവസങ്ങളിലെ തെരുവുത്സവത്തിന് ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനമായ എജുക്കേഷൻ സിറ്റി വേദിയാവും.
ഇന്ത്യ, ബ്രസീൽ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, അമേരിക്ക, ബറുണ്ടി, താൻസനിയ, പാകിസ്താൻ, മൊറീഷ്യസ് തുടങ്ങിയ രാജ്യങ്ങൾക്കുപുറമെ ആതിഥേയരായ ഖത്തറും സ്ട്രീറ്റ് ചൈൽഡ് ലോകകപ്പിൽ പങ്കാളികളാവും. തെരുവിലെ കുട്ടികൾക്കും ആഘോഷിക്കാനും കഴിവുകൾ തെളിയിക്കാനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുത് എന്ന ലക്ഷ്യത്തിെൻറ ഭാഗമായാണ് ഫിഫ ലോകകപ്പുമായി ചേർന്ന് നാലുവർഷത്തിലൊരിക്കൽ സ്ട്രീറ്റ് ചൈൽഡ് വേൾഡ്കപ്പും സംഘടിപ്പിക്കുന്നത്. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിലായിരുന്നു ആദ്യമായി ഈ നൂതന വേദി അവതരിപ്പിക്കുന്നത്. പിന്നീട്, 2014 ബ്രസീലിലും 2018 റഷ്യയിലും ലോകകപ്പിന് മുമ്പായി തെരുവിെൻറ കലാകായിക പോരാട്ടങ്ങൾ അരങ്ങേറി.
'നാലാം സ്ട്രീറ്റ് ചൈൽഡ് ലോകകപ്പിന് ഇക്കുറി ഖത്തർ വേദിയാവുന്നത് സന്തോഷം നൽകുന്നതാണ്. ആദ്യമായാണ് പശ്ചിമേഷ്യ ചാമ്പ്യൻഷിപ്പിെൻറ ആതിഥേയരാവുന്നത്. കഴിഞ്ഞ രണ്ടുവർഷം മഹാമാരിയിൽ ലോകത്തിന് ഏറെ ഭീതിയുള്ള നാളുകളായിരുന്നു. അതിെൻറ ഏറ്റവും വലിയ ദുരിതം അനുഭവിച്ചവരാണ് തെരുവുബാല്യങ്ങൾ. അവർക്ക് കരുതലും പിന്തുണയും നൽകുന്നതിൽ ചൈൽഡ് ലോകകപ്പ് നിർണായകമാവും. ഈ ദൗത്യത്തിന് പിന്തുണ നൽകിയ ഖത്തർ ഫൗണ്ടേഷന് നന്ദി' -എസ്.സി.യു സഹസ്ഥാപകനും സി.ഇ.ഒയുമായ ജോൺ റോ പറഞ്ഞു. 26ൽ 10 ടീമുകളും ആദ്യമായാണ് ലോകകപ്പിൽ പങ്കാളികളാവുന്നത്. ഡാർഫർ, ഹംഗറി, സാതരി എന്നീ മൂന്ന് അഭയാർഥി ടീമുകളും ഒരു ഫലസ്തീൻ വനിത ടീമും പങ്കെടുക്കും. 13 ടീമുകള്‍ പെണ്‍കുട്ടികളുടേതും 13 ടീമുകള്‍ ആണ്കുട്ടികളുടേതുമാണ് മത്സരിക്കുന്നത്.