ഗസ്സയെ ചേർത്തുപിടിച്ച് ഖത്തർ
text_fieldsജനീവയിൽ നടന്ന ഗ്ലോബൽ റെഫ്യൂജി ഫോറത്തിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം
അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ സംസാരിക്കുന്നു
ദോഹ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ മാനുഷിക സഹായങ്ങളും യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളുമായി ശ്രദ്ധേയമായിരുന്നു ഖത്തറിന്റെ ഓരോ ഇടപെടലുകളും. ഇതിനകം 45ഓളം സഹായ വിമാനങ്ങളെത്തിച്ചും പരിക്കേറ്റ 1500 പേരെ ദോഹയിലെത്തിച്ച് ചികിത്സ വാഗ്ദാനം ചെയ്തും 3000 അനാഥരുടെ സംരക്ഷണം ഏറ്റെടുത്തും ഫലസ്തീനികൾക്ക് കരുതൽ ഒരുക്കിയ ഖത്തറിന്റെ സഹായം നിലക്കുന്നില്ല.
ഏറ്റവുമൊടുവിലായി ഫലസ്തീന് മാനുഷിക സഹായമായി 50 ദശലക്ഷം ഡോളർ (ഏകദേശം 416 കോടി രൂപ) പ്രഖ്യാപിക്കുന്നതായി അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ ജനീവയിൽ നടന്ന േഗ്ലാബൽ റെഫ്യൂജി ഫോറത്തിൽ പ്രഖ്യാപിച്ചു. ഗസ്സയിൽ യുദ്ധത്തിൽ പരിക്കേറ്റവർ, അഭയാർഥികളായവർ, കുടിയിറക്കപ്പെട്ടവർ, അനാഥർ എന്നിങ്ങനെ ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് അധിക സഹായത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഇത്രയും തുക അനുവദിക്കുന്നതെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതോടൊപ്പം ഗസ്സയിൽനിന്നുള്ള വിദ്യാർഥികൾക്കായി ഖത്തറിൽ ഉന്നത പഠനം നടത്താൻ എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ വഴി 100 സ്കോളർഷിപ്പുകളും ഖത്തർ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭ ഏജൻസി വഴി ഇ.എ.എ ഫൗണ്ടേഷൻ ഗസ്സയിൽ നടത്തുന്ന അൽ ഫഖൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാവും ഫലസ്തീനി വിദ്യാർഥികൾക്കായി സ്കോളർഷിപ് നൽകുന്നത്. 2010ൽ ഇ.എ.എക്കു കീഴിൽ ഗസ്സയിൽ ആരംഭിച്ചതാണ് അൽ ഫഖൂറ പദ്ധതി. എന്നാൽ, അൽ ഫഖൂറയുടെ സ്കൂളുകൾ ഉൾപ്പെടെ ഇസ്രായേൽ ബോംബാക്രമണത്തിൽ തകർത്തിരുന്നു.
രണ്ടു മാസത്തിലേറെയായി ഇസ്രായേൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങളെയും ലുൽവ അൽ ഖാതിർ വിമർശിച്ചു. ഇസ്രായേൽ ആക്രമണങ്ങൾ ഫലസ്തീൻ ജനതക്കെതിരായ വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

