ലെബനാനിലെ അഭയാർത്ഥികൾക്ക് കൈത്താങ്ങായി ഖത്തർ
text_fieldsലെബനാനിലെ അഭയാർത്ഥികൾക്ക് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സഹായം
ദോഹ: ലെബനാനിലെ യുദ്ധത്തെത്തുടർന്ന് വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കും ദുരിതബാധിതർക്കും ആശ്വാസമായി ഖത്തറിന്റെ സഹായം. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ സാമ്പത്തിക സഹായത്തോടെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ലെബനാൻ തലസ്ഥാനമായ ബൈറൂതിൽ അടിയന്തര സഹായ വിതരണം ആരംഭിച്ചു.
ലെബനീസ് റെഡ് ക്രോസ്, ലെബനാൻ സോഷ്യൽ അഫയേഴ്സ് മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഖത്തർ റെഡ് ക്രസന്റ് സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ 4,140 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഇതിലൂടെ 20,700 പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, 3,741 ശുചിത്വ കിറ്റുകളും വിതരണം ചെയ്തു.
യുദ്ധം രൂക്ഷമായതോടെ ലെബനാനിൽ പത്തുലക്ഷത്തിലധികം ആളുകൾക്ക് വീടുകൾ വിട്ട് അഭയകേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വരുമാന സ്രോതസ്സുകൾ നഷ്ടപ്പെട്ടതോടെ കുടുംബങ്ങൾ ഭക്ഷണത്തിനും മരുന്നിനുമായി വളരെയധികം ബുദ്ധിമുട്ടുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ഖത്തർ ഭക്ഷ്യവസ്തുക്കളും, ശുചിത്വ കിറ്റുകളും അടങ്ങിയ സഹായം എത്തിക്കുന്നത്.
പ്രാദേശിക പങ്കാളികളുമായി ചേർന്ന് ലെബനാനിലെ നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിലും കൂടുതൽ സഹായങ്ങൾ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

