‘ആക്രമണത്തിനെതിരെ പ്രതികരിക്കാൻ ഖത്തറിന് അവകാശമുണ്ട്’
text_fieldsദോഹ: അന്താരാഷ്ട്ര നിയമ വ്യവസ്ഥകൾക്കനുസൃതമായി രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനും ആക്രമണത്തിനെതിരെ പ്രതികരിക്കാൻ ഖത്തറിന് അവകാശമുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. ഖത്തറിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയുള്ള കടന്നാക്രമണമാണെന്നും, സുരക്ഷക്കും പ്രദേശിക സമഗ്രതക്കും നേരെയുള്ള ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
ഖത്തറിനെ ലക്ഷ്യമിട്ടത് നല്ല അയൽപക്ക നയങ്ങൾക്ക് വിരുദ്ധമാണെന്നും ഒരു കാരണവശാലും ആക്രമണത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാൻ ആക്രമണം കുവൈത്ത്, യു.എ.ഇ, ജോർഡൻ, ബഹ്‌റൈൻ എന്നിവയുടെ പരമാധികാരം ലംഘിക്കുന്നതാണെന്നും ഈ രാജ്യങ്ങളുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് അവർ സ്വീകരിക്കുന്ന എല്ലാ നടപടികളിലും ഖത്തർ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.
അതേസമയം, ഇറാനുമായുള്ള നയതന്ത്ര സംഭാഷണങ്ങളിൽ ചർച്ചകൾ തുടരും. തർക്കങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിനും മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും സംഭാഷണങ്ങൾ ആവശ്യമാണ്. മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും, വിശാലമായ ഏറ്റുമുട്ടലുകൾ തടയുന്നതിനും ഖത്തർ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

