ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തൊഴിലില്ലാഴ്മ നിരക്ക് ഖത്തറിൽ
text_fieldsദോഹ: ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികളുള്ള രാജ്യങ്ങളിലൊന്നായ ഖത്തർ, മേഖലയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലാഴ്മ നിരക്ക് രേഖപ്പെടുത്തി മുന്നേറുന്നു. 2024ലെ രണ്ടാം പാദത്തിൽ ഖത്തറിൽ തൊഴിലില്ലായ്മ നിരക്ക് 0.1 ശതമാനം രേഖപ്പെടുത്തി, തൊഴിൽ വിപണി കാര്യക്ഷമതയിൽ ജി.സി.സി രാജ്യങ്ങളിൽ മുന്നിട്ടുനിൽക്കുന്നതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.
മറ്റ് ജി.സി.സി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഖത്തറിന്റെ തൊഴിലില്ലായ്മ നിരക്ക് മികച്ച അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. മേഖലയിൽ ഒമാനിലും സൗദി അറേബ്യയിലുമാണ് ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്. ഒമാനിൽ 3.6 ശതമാനവും സൗദി അറേബ്യയിൽ 3.5 ശതമാനവുമാണ്.
ജി.സി.സിയിൽ ആകെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 10.8 ശതമാനവും പുരുഷന്മാരുടേത് 1.6 ശതമാനവുമാണ്. ഖത്തറിൽ ഇത് സ്ത്രീകൾക്കിടയിൽ 0.4 ശതമാനവും പുരുഷന്മാർക്കിടയിൽ 0.1 ശതമാനവുമാണ്. ഈ നിരക്ക് ഒരു വർഷത്തിലേറെയായി സ്ഥിരമായി തുടരുകയാണ്.
ജി.സി.സിയിൽ ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികളുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തർ. രാജ്യത്തെ മൊത്തം തൊഴിലാളികളിൽ 84.5 ശതമാനം മറ്റു രാജ്യക്കാരാണ്. ഖത്തറിലെ വിദേശ തൊഴിലാളികളിൽ 84.5 ശതമാനം പുരുഷന്മാരും 15.5 ശതമാനം സ്ത്രീകളുമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സൗദി അറേബ്യയിൽ 87.1 ശതമാനം പേരും ഒമാനിൽ 86 ശതമാനം പേരും കുവൈത്തിൽ 74.4 ശതമാനം പേരും മറ്റുരാജ്യക്കാരാണ് തൊഴിലാളികൾ.
ജി.സി.സിയിൽ സ്വദേശി തൊഴിലാളികളിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അനുപാതം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്ന് ഖത്തർ. ഖത്തരി പൗരന്മാരായ തൊഴിലാളികളിൽ പുരുഷന്മാർ 58.9 ശതമാനവും സ്ത്രീകൾ 41.1 ശതമാനവുമാണുള്ളത്.
2024 ന്റെ രണ്ടാം പാദത്തിൽ ഖത്തറിലെ വിദേശ തൊഴിലാളികളുടെ എണ്ണം 2.2 ദശലക്ഷമായതായും ഇത് മേഖലയിലെ മൊത്തം വിദേശ തൊഴിലാളികളുടെ 8.9 ശതമാനമാണെന്നും ജി.സി.സി -എസ്.ടി.എ.ടി. ഡേറ്റ വെളിപ്പെടുത്തുന്നു. വിദേശ തൊഴിലാളികളെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ടെങ്കിലും ഖത്തറിലെ ദേശീയ തൊഴിലാളികളുടെ എണ്ണം സ്ഥിരമായി തുടരുകയാണ്. കഴിഞ്ഞ ത്രൈമാസ കാലയളവിൽ 0.4 ശതമാനം വർധനവു മാത്രമാണ് ഉണ്ടായത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ജോലിസ്ഥലത്ത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനും, തൊഴിൽ കമ്പോളത്തിന്റെ കാര്യക്ഷമത നിലനിർത്തുന്നതിനും രാജ്യം നടത്തുന്ന ശ്രമങ്ങളെ റിപ്പോർട്ട് പ്രത്യേകം പരാമർശിക്കുന്നു.
കുറഞ്ഞ തൊഴിലില്ലായ്മ നിരക്കും പ്രവാസികളെ ആശ്രയിച്ച് വളരുന്ന സമ്പദ്‌വ്യവസ്ഥയുമുള്ള ഖത്തർ, തൊഴിൽ സ്ഥിരതയിൽ ജി.സി.സിയിലെ മുൻനിര രാജ്യങ്ങളിൽ ഒന്നായി തുടരുകയാണ്. യു.എ.ഇയിലെ ഫെഡറൽ കോംപറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ, ബഹ്‌റൈനിലെ ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി, സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്, ഒമാനിലെ നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ, ഖത്തറിലെ നാഷനൽ പ്ലാനിങ് കൗൺസിൽ, കുവൈത്തിലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ എന്നിവയുൾപ്പെടെ ജി.സി.സി രാജ്യങ്ങളിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് ഉപയോഗിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഐ.എൽ.ഒ വേൾഡ് എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഔട്ട്‌ലുക്ക് -ട്രെൻഡ്സ് 2024 പോലുള്ള അന്താരാഷ്ട്ര റിപ്പോർട്ടുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

