തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ രാജ്യമായി ഖത്തർ
text_fieldsദോഹ: ലോകത്ത് തൊഴിലില്ലായ്മ പ്രശ്നം നേരിടാത്ത രാജ്യമായി ഖത്തർ. മേയ് ഒന്നിന് ലോകം തൊഴിലാളിദിനമായി ആചരിക്കാൻ ഒരുങ്ങുമ്പോൾ അന്താരാഷ്ട്ര ഏജൻസിയായ ‘സ്പെക്റ്റേറ്റര്‍ ഇന്‍ഡക്സ്’ പുറത്തുവിട്ട കണക്ക് പ്രകാരം ദശാംശം ഒരു ശതമാനമാണ് ഖത്തറിലെ തൊഴിലില്ലായ്മ നിരക്ക്.
നൈജീരിയയിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ദുരിതം നേരിടുന്നത്. 33.3 ശതമാനമാണ് ഇവിടത്തെ തൊഴിലില്ലായ്മ നിരക്ക്. ദക്ഷിണാഫ്രിക്ക (32.7), ഇറാഖ് (14.2), സ്പെയിൻ (13.2), മൊറോക്കോ (11.8) എന്നീ രാജ്യങ്ങൾ തൊഴിലില്ലായ്മയിൽ രണ്ടു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിലുണ്ട്. പട്ടികയിൽ ഏറ്റവും അവസാനത്തിലാണ് ഖത്തറിന്റെ സ്ഥാനം. അതായത്, അന്താരാഷ്ട്ര തലത്തിൽ തൊഴിൽക്ഷാമം ഇല്ലാത്ത രാജ്യമെന്ന് അർഥം. ജനസംഖ്യയുടെ 7.8 ശതമാനം പേർക്കും തൊഴിലില്ലായ്മ നേരിടുന്ന ഇന്ത്യ പത്താം സ്ഥാനത്താണ്. സൗദി അറേബ്യയുടെ നിരക്ക് 4.8 ശതമാനമാണ്.
അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ലോകബാങ്കും ഖത്തറിനെ തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. ലോകബാങ്ക് കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലായി ഖത്തറിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവരുകയാണ്.
1991ലെ ആകെ തൊഴിലില്ലായ്മ നിരക്ക് 0.81 ശതമാനത്തിൽനിന്ന് 2021ൽ 0.17 ശതമാനത്തിലെത്തിയതായി റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു. ഖത്തറിന്റെ ഇ-ഗവൺമെന്റ് പോർട്ടലായ ഹുകൂമിയുടെ റിപ്പോർട്ട് പ്രകാരം 64 വികസിത രാജ്യങ്ങളിൽ മത്സരക്ഷമത സൂചികയിൽ ഖത്തർ 17ാം സ്ഥാനത്താണ്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (ഐ.എം.ഡി) പുറത്തിറക്കിയ 2021ലെ മത്സരക്ഷമത സൂചികയിലും ഖത്തർ ഏറെ മുന്നിലാണ്.
മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക മേഖലകളിൽ (മിന) രേഖപ്പെടുത്തിയ ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്കും ഖത്തറിലേതാണ്. ഖത്തറിലെ തൊഴിലില്ലായ്മ നിരക്ക് ആഗോള ശരാശരിയേക്കാൾ കുറവാണെന്ന് 2021ലെ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫലസ്തീൻ, സൗദി അറേബ്യ, ജോർഡൻ, തുനീഷ്യ എന്നിവരാണ് ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. യുവ പൗരന്മാരെ പൊതുമേഖലയിലെ അവസരങ്ങളിൽ ഉൾക്കൊള്ളാനുള്ള രാജ്യത്തിന്റെ ശേഷിയാണ് ഇതിന് കാരണമെന്നും ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തി.
ഈ റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് ലോകബാങ്ക് കണ്ടെത്തലുകൾ. ആകെ ജനസംഖ്യയുടെ 0.5 ശതമാനമാണ് ഖത്തറിലെ തൊഴിലില്ലായ്മ നിരക്കെന്നും ആഗോള ശരാശരിക്കും താഴെയാണ് ഇതെന്നും ലോകബാങ്ക് വ്യക്തമാക്കി. എന്നാൽ, ഖത്തറിലെ തൊഴിലില്ലായ്മ നിരക്ക് മിന മേഖലയിലെ കണക്കുകളെ സ്വാധീനിക്കില്ലെന്നും ആഗോള ശരാശരിയായ 13 ശതമാനത്തിനേക്കാൾ കൂടുതലാണ് മേഖലയിലെ തൊഴിലില്ലായ്മ നിരക്കെന്നും ബ്രൂക്കിങ്സ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

