ആരോഗ്യത്തിലും മികവിന്റെ ഖത്തർ മാതൃക
text_fieldsഖത്തർ പൊതുജനാരോഗ്യ മന്ത്രാലയ കാര്യാലയം
ദോഹ: ലോകത്തെത്തന്നെ ഏറ്റവും മികച്ച ആരോഗ്യസംവിധാനങ്ങളിലൊന്നായി മാറി ഖത്തർ. ആശുപത്രികൾ, ചികിത്സ സംവിധാനങ്ങൾ, സേവനങ്ങൾ, സാങ്കേതിക വിദ്യ ഉൾപ്പെടെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് രാജ്യം വൻ പുരോഗതി കൈവരിച്ചതായി ഖത്തർ ഗവ. കമ്യൂനിക്കേഷൻ ഓഫിസ് പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
രാജ്യത്തെ 95 ശതമാനം കുട്ടികളും പൂർണമായും പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചതായി ജി.സി.ഒ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കണക്കുകളിൽ വ്യക്തമാക്കുന്നു. ആഗോള ശരാശരിയായ 85 ശതമാനത്തേക്കാൾ വളരെ കൂടുതലാണിത്.
ശിശു മരണ നിരക്കിലും ആഗോള ശരാശരിയേക്കാൾ വൻകുതിപ്പാണ് ഖത്തർ ആരോഗ്യ മേഖല സ്വന്തമാക്കിയത്. ആയിരത്തിൽ രണ്ട് ആണ് ഖത്തറിലെ ശിശു മരണ നിരക്കെങ്കിൽ ഏഴ് ആണ് ആഗോള ശരാശരി. പ്രധാന ആരോഗ്യ സംരക്ഷണ സൂചകങ്ങളിൽ ആഗോള റാങ്കിലും ഖത്തർ മുന്നേറ്റം നടത്തി. നംബിയോയുടെ 2024ലെ ആരോഗ്യ സംരക്ഷണ സൂചികയിൽ ഖത്തർ ആഗോളതലത്തിൽ പതിനേഴാം സ്ഥാനമാണ് നേടിയത്. ബ്രാൻഡ് ഫിനാൻസ് റാങ്കിങ്ങിൽ ലോകമെമ്പാടുമുള്ള മികച്ച 100 ആശുപത്രികളിൽ ഖത്തറിലെ നാല് ആശുപത്രികളും ഇടം നേടിയതായി ജി.സി.ഒ സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് സിറ്റി എന്ന പദവി എല്ലാ മുനിസിപ്പാലിറ്റികൾക്കും ലഭിക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ. രാജ്യത്തെ എട്ട് മുനിസിപ്പാലിറ്റികൾക്കും ഡബ്ല്യു.എച്ച്.ഒയുടെ ഹെൽത്ത് സിറ്റി പദവിയുണ്ട്. ഖത്തർ യൂനിവേഴ്സിറ്റിക്ക് ഹെൽത്തി യൂനിവേഴ്സിറ്റി എന്ന സർട്ടിഫിക്കറ്റും അടുത്തിടെയാണ് ലഭിച്ചത്.
ഹമദ് മെഡിക്കൽ കോർപറേഷനിലെ ഹോം ഹെൽത്ത് കെയർ സർവിസ് രണ്ടാംതവണയും പേഴ്സനൽ കെയർ ഗോൾ സർട്ടിഫിക്കേഷൻ നേടിയതും എടുത്തുപറയേണ്ട നേട്ടമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.