സഞ്ചാരികളുടെ പറുദീസയായി ഖത്തർ
text_fieldsഖത്തറിലേക്കുള്ള സഞ്ചാരികളുടെ വരവ് ഇങ്ങനെ
(ഖത്തർ ടൂറിസം റിപ്പോർട്ട്)
ദോഹ: ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ഫിഫ ലോകകപ്പ് കൊടിയിറങ്ങി പുതുവർഷത്തിലേക്ക് പ്രവേശിച്ചതിനു പിന്നാലെ സഞ്ചാരികളുടെ കേന്ദ്രമായി ഖത്തർ. ഈ വർഷം ജനുവരി- ഫെബ്രുവരി മാസങ്ങളിൽ 7.30 ലക്ഷം സഞ്ചാരികൾ ഖത്തറിലെത്തിയതായി ഖത്തർ ടൂറിസം അറിയിച്ചു. മുൻവർഷം, ഇതേ കാലയളവിലെ സഞ്ചാരികളുടെ കണക്കിനേക്കാൾ 347 ശതമാനം വർധനയാണിത്.
2023 ജനുവരിയിൽ 3.40 ലക്ഷം പേരും ഫെബ്രുവരിയിൽ 3.89 ലക്ഷം പേരും ഖത്തറിലേക്ക് ഒഴുകിയെത്തി. യഥാക്രമം മുൻവർഷത്തേക്കാൾ 296 ശതമാനവും 406 ശതമാനവുമാണ് വർധന. 2022 ഖത്തർ ഫിഫ ലോകകപ്പ് കാലയളവിൽ ഒഴികെ, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഖത്തറിലേക്ക് ഏറ്റവുമധികം അന്താരാഷ്ട്ര സന്ദർശകർ വന്ന മാസമായി ഇക്കഴിഞ്ഞ ഫെബ്രുവരി മാറിയെന്ന് ഖത്തർ ടൂറിസം കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഉയർന്ന സുരക്ഷ, തടസ്സമില്ലാത്ത പൊതുഗതാഗതം, പ്രകൃതിദത്തമായ കടൽത്തീരങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയാൽ ഒരു മുൻനിര വിനോദകേന്ദ്രമായി ഖത്തർ മാറി. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഖത്തറിന്റെ തനതായ പാരമ്പര്യവും ആധുനികതയും അനുഭവിക്കാൻ ദോഹയിലേക്ക് എത്തുന്നത് തുടരുന്നുവെന്നും അധികൃതർ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലോകകപ്പിനെത്തിയ 14 ലക്ഷം സഞ്ചാരികൾ വഴി വിദേശ രാജ്യങ്ങളിലെത്തിയ ഖ്യാതിയും സഞ്ചാരികളുടെ വരവിന് കാരണമായതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഇതിനുപുറമെ, വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണവും വർധിച്ചു. ഫെബ്രുവരി രണ്ടാം പകുതിയിൽ കുവൈത്ത് ദേശീയദിനവും സൗദി സ്ഥാപകദിനവും വിപുലമായി ആഘോഷിച്ചത് ഇരു രാജ്യങ്ങളിൽനിന്നും എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനക്ക് കാരണമായി. സൗദിയിൽനിന്ന് 86,000 പേരും കുവൈത്തിൽനിന്ന് 20,000 പേരുമാണ് എത്തിയത്.
ഫെബ്രുവരിയിൽ മൊത്തം സന്ദർശകരിൽ 73 ശതമാനവും ജി.സി.സിയിൽ നിന്നുള്ളവരാണ്. 27 ശതമാനം മറ്റു രാജ്യക്കാരും. ഖത്തർ ടൂറിസത്തിന്റെ ‘ഫീൽ വിന്റർ ഇൻ ഖത്തർ’ കാമ്പയിൻ മുതൽ വിവിധ അന്താരാഷ്ട്ര പ്രദർശനങ്ങളും ആഘോഷവും സന്ദർശകരുടെ ഒഴുക്കിന് കാരണമായതായി ഖത്തർ ടൂറിസം ചീഫ് ഓപറേറ്റിങ് ഓഫിസർ ബെർത്തോൾഡ് ട്രെങ്കൽ പറഞ്ഞു.
രാജ്യത്തിന്റെ ജി.ഡി.പിയുടെ 12 ശതമാനം ടൂറിസം മേഖലയിൽ നിന്നാണെന്നും വ്യക്തമാക്കി. ഈ വർഷാദ്യം അറബ് ടൂറിസം കാപിറ്റൽ പുരസ്കാരവും ഖത്തർ നേടിയിരുന്നു. ജി.സി.സി രാജ്യങ്ങളിൽ ആഗോള സഞ്ചാരികളുടെ ഒഴുക്കുകൂടി കണക്കിലെടുത്താണ് ഈ അംഗീകാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

