സാഞ്ചസും പിന്നെ 27 പേരും
text_fieldsഞായറാഴ്ച രാത്രി അൽ സദ്ദ് സ്റ്റേഡിയത്തിൽ ഖത്തർ ടീം പരിശീലനത്തിൽ
ദോഹ: തീവ്രമായ തയാറെടുപ്പിനും തേച്ചുമിനുക്കിയ പോരാട്ട വീര്യത്തിനുമൊടുവിൽ ലോകകപ്പിനുള്ള ഖത്തറിന്റെ പടയണികൾ സജ്ജമാവുകയാണ്. ലോകകപ്പിന്റെ അവസാന സ്ക്വാഡ് 26 പേരാണ്. അന്തിമ ടീം പ്രഖ്യാപനത്തിന് നവംബർ 13 വരെ സമയവുമുണ്ട്. എന്നാൽ, അതിനുമുമ്പ് തങ്ങളുടെ അവസാനവട്ട പരിശീലനത്തിന്റെ 27 പേരുടെ സംഘത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തർകോച്ച് ഫെലിക്സ് സാഞ്ചസ്. ഒക്ടോബർ 21നുമുമ്പ് 35 മുതൽ 55 വരെ പേരുടെ പ്രാഥമിക ടീമിനെയും കിക്കോഫിന് ഏഴുദിവസം മുമ്പായി 26 പേരുടെ ടീമിനെയും പ്രഖ്യാപിക്കാനാണ് ഫിഫ നിർദേശിച്ചത്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകകപ്പ് മുന്നിൽകണ്ട് തീവ്രപരിശീലനത്തിലുള്ള ഖത്തറിന്റെ ലോകകപ്പ് സംഘം ഏതാണ്ട് സജ്ജമായ നിലയിലാണ്. ഫൈനൽ ട്രെയിനിങ്ങിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചതെങ്കിലും ഇനിയും മാറ്റങ്ങൾ വരുത്താൻ സമയമുണ്ട്.
സ്പെയിനിലും ഓസ്ട്രിയയിലുമായി നടന്ന നാലുമാസത്തിലേറെ നീണ്ട പരിശീലനവും കഴിഞ്ഞ് രണ്ടുദിവസം മുമ്പാണ് ഖത്തർ ടീം ദോഹയിൽ മടങ്ങിയെത്തിയത്. ഞായറാഴ്ച ആരാധകർക്കുമുന്നിൽ പരിശീലനവും തുടങ്ങിയ സംഘം ബുധനാഴ്ച കഴിഞ്ഞ് അവസാനഘട്ട പരിശീലനത്തിന് വിദേശത്തേക്ക് യാത്രയാവും. ഈ ടീമായിരിക്കും തങ്ങളുടെ പ്രഥമ വിശ്വപോരാട്ടത്തിൽ ആതിഥേയ രാജ്യത്തിന്റെ കുപ്പായമണിഞ്ഞ് കളത്തിലിറങ്ങുന്നത്. ഞായറാഴ്ച ആദ്യ സെഷൻ പരിശീലനത്തിനു പിന്നാലെ വൈകീട്ട് നടന്ന രണ്ടാം സെഷനിലായിരുന്നു കാണികൾക്ക് പ്രവേശനം അനുവദിച്ചത്.
പ്രിയപ്പെട്ട ടീമിന്റെ ഒരുക്കങ്ങൾ കാണാൻ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള ആരാധകസംഘങ്ങൾ അൽ സദ്ദ് സ്റ്റേഡിയത്തിലെത്തിയിരുന്നു. ടീമിന്റെ പ്രചാരണ പരിപാടികളുടെയും ആരാധക പിന്തുണ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് കാണികൾക്കും മാധ്യമങ്ങൾക്കുമായി ഓപൺ സെഷൻ ട്രെയിനിങ് സംഘടിപ്പിച്ചത്. ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസ്, മുന്നേറ്റ നിരയിലെ പ്രധാന അക്റം അഫിഫ് എന്നിവർ ഉൾപ്പെടെ 13 പേരാണ് അൽ സദ്ദ് എസ്.സിയിൽ നിന്നുള്ളവർ. അൽ ദുഹൈൽ എഫ്.സിയാണ് രണ്ടാമത്. അൽ മുഈസ് അലി, കരിം ബൗദിയാഫ് ഉൾപ്പെടെ ഏഴുപേർ അൽ ദുഹൈലിൽനിന്ന് ഇടംനേടിയിട്ടുണ്ട്.
ഖത്തർ ടീമംഗങ്ങൾ
സഅദ് അൽ ഷീബ്, മിഷ്അൽ ബർഷാം, പെഡ്രോ മിഗ്വേൽ, താരിക് സൽമാൻ, അബ്ദുൽകരിം ഹസൻ, ബൗലം ഖൗഖി, അക്റം അഫിഫ്, മുഹമ്മദ് വാദ്, മുസഅബ് ഖെദിർ, അലി അസദ്, സാലിം അൽ ഹജ്രി, ഹസൻ അൽ ഹൈദോസ്, മുസ്തഫ മിഷാൽ (എല്ലാവരും അൽ സദ്ദ് എസ്.സി), ബസാം അൽ റാവി, അസിം മാദിബോ, അൽമുഈസ് അലി, കരിം ബൗദിയാഫ്, ഇസ്മായിൽ മുഹമ്മദ്, മുഹമ്മദ് മുൻതാരി, അബ്ദുൽറഹ്മാൻ ഫഹ്മി മുസ്തഫ (അൽ ദുഹൈൽ), യൂസുഫ് ഹസൻ, അഹമദ് അലാഉൽദീൻ, ഹുമാം അഹമ്മദ് (അൽ ഗറാഫ), അബ്ദുൽ അസീസ് ഹാതിം, നാഇഫ് അൽ ഹദ്റാമി (അൽ റയാൻ), ജാസിം ജാബിർ (അൽ അറബി), ഖാലിദ് മുനീർ (അൽ വക്റ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

