ഖത്തർ ഹാഫ് മാരത്തൺ: ഒരുക്കങ്ങൾ തകൃതി
text_fieldsദോഹ: ഖത്തർ ഒളിമ്പിക് കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ഹാഫ് മാരത്തൺ ഒരുക്കങ്ങൾ തകൃതി. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 10ന് ലുസൈൽ ബൊളെവാഡിൽ കായിക മാമാങ്കത്തിന് ട്രാക്കൊരുങ്ങും. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലും കായിക സംസ്കാരം വളർത്തുന്നതിനും ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരത്തൺ സംഘടിപ്പിക്കുന്നത്.
വിവിധ പ്രായക്കാർക്കും കായികക്ഷമതയുള്ളവർക്കുമായി പ്രത്യേക മത്സര വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സ്വദേശികൾക്ക് പുറമെ വിദേശങ്ങളിൽ നിന്നുള്ള അത് ലറ്റുകളും മാരത്തണിൽ പങ്കെടുക്കും. ഹാഫ് മാരത്തണിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 2026 എഡിഷൻ മാരത്തണിൽ 10,000 പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ 6,000 പേർ പങ്കെടുത്തിരുന്നു.
സുസ്ഥിരമായ കായിക വികസനത്തിലൂടെ ലോകത്തെ ഒന്നിപ്പിക്കുന്ന മുൻനിര രാജ്യമായി മാറുക എന്ന ഖത്തറിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് മാരത്തൺ സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി വൈസ് ചെയർമാൻ സലാഹ് അൽ സാദി പറഞ്ഞു.
പങ്കെടുക്കുന്നവർക്ക് സമഗ്രവും മികച്ചതുമായ കായികാനുഭവം ഉറപ്പാക്കും. ഖത്തർ നാഷണൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി മികച്ച ആരോഗ്യ -ശാരീരിക പ്രവർത്തന സംസ്കാരം വളർത്തിയെടുക്കാൻ എല്ലാ വിഭാഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സര വിഭാഗങ്ങൾ
കുട്ടികൾ (6 -14 വയസ്സ്): 1 കിലോമീറ്റർ
യൂത്ത് (15 -17 വയസ്സ്): 5 കിലോമീറ്റർ
ജനറൽ കാറ്റഗറി (19 -39 വയസ്സ്) 5 കി.മീ, 10 കി.മീ, 21 കി.മീ.
ജനറൽ കാറ്റഗറി (40 വയസ്സിന് മുകളിലുള്ളവർ): കി.മീ, 10 കി.മീ, 21 കി.മീ.
ടീം ഖത്തർ കാറ്റഗറി (19 -39 വയസ്സ്): 5 കി.മീ, 10 കി.മീ, 21 കി.മീ.
ടീം ഖത്തർ കാറ്റഗറി (40 വയസ്സിന് മുകളിലുള്ളവർ): : 5 കി.മീ, 10 കി.മീ, 21 കി.മീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

