ദോഹ: റഷ്യയിൽ നടക്കുന്ന അലി ബിൻ ഹമദ് അൽ അത്വിയ്യ അറീനയിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഒരുക്കിയ ഖത്തർ ഫാൻസോണിലേക്ക് കളിക്കമ്പക്കാർക്ക് ആവേശമായി സംഗീതവിരുന്നൊരുക്കാൻ പ്രമുഖ സംഗീതജ്ഞരുമെത്തുന്നു. അറബ് ലോകത്തെ പ്രമുഖരായ സംഗീതജ്ഞരാണ് അലി ബിൻ ഹമദ് അത്വിയ്യ അറീനയിലെത്തുന്നത്. ആറ് സംഗീത പരിപാടികളാണ് വ്യത്യസ്ത ദിനങ്ങളിലായി സുപ്രീം കമ്മിറ്റി ഫാൻസോണിലേക്കെത്തുന്നവർക്കായി തയ്യാറാക്കിയിരിക്കുന്നത്. ഇതിെൻറ ഭാഗമായി കഴിഞ്ഞ ജൂൺ 25 തിങ്കളാഴ്ച മൊറോക്കൻ ഗായകനായ ഹാതിം അമോറിെൻറ സംഗീത പരിപാടി അരങ്ങേറി. മൊറോക്കോ–സെപയിൻ മത്സരത്തിന് മുമ്പായാണ് പരിപാടിയരങ്ങേറിയത്.
സുപ്രീം കമ്മിറ്റിയുമായി സഹകരിച്ച് പ്രാദേശികമായി പ്രവർത്തിക്കുന്ന എൻറർടൈൻമെൻറ് സോഷ്യൽ സ്റ്റുഡിയോകളാണ് അറബ് ലോകത്തെ പ്രമുഖരായ സംഗീതജ്ഞരെ ഖത്തർ ഫാൻസോണിലേക്കെത്തിക്കുന്നത്.
ജൂൺ 28 വ്യാഴാഴ്ച രാത്രി 7.30ന് ലോക പ്രശസ്തനായ ഉത്തരാഫ്രിക്കൻ സംഗീതജ്ഞനായ ഷെബ് ഖാലിദ് ഫാൻസോണിലെത്തും. എല്ലാ പരിപാടികളും വൈകിട്ട് 7.30നാണ് ആരംഭിക്കുക.ക്വാർട്ടർ ഫൈനൽ നടക്കുന്ന ജൂലൈ ആറ്, ഏഴ് തിയ്യതികളിലായി ഇറാഖി ഗായകനായ മുഹമ്മദ് അൽ ഫാരിസ്, ലബനീസ് കലാകാരനായ സിയാദ് ബുർജി എന്നിവർ പരിപാടികളുമായി ഫാൻസോണിലെത്തും.
ഒരു മാസം നീളുന്ന കായിക മാമാങ്കത്തിെൻറ അവസാനത്തെ ആഴ്ച കുവൈത്തി സ്റ്റാർ അക്കാദമി സൂപ്പർസ്റ്റാർ ഇസ്സ അൽ മർസൂഗ് ജൂലൈ 10നും ജൂലൈ 11ന് കുവൈത്തിൽ നിന്ന് തന്നെയുള്ള ഇബ്രാഹിം ദഷ്തിയും ഫാൻസോണിലെത്തി കാണികളെ കയ്യിലെടുക്കും. സാംസ്കാരിക കായിക മന്ത്രാലയം, ഖത്തർ ടൂറിസം അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ലോകകപ്പ് മത്സരങ്ങൾ കാണിക്കാനായി സുപ്രീം കമ്മിറ്റി ഫാൻ സോൺ തയ്യാറാക്കിയിരിക്കുന്നത്. ജൂൺ 28 വരെ ഉച്ചക്ക് രണ്ട് മുതലും ജൂൺ 30 മുതൽ വൈകിട്ട് നാലിനുമാണ് ഖത്തർ ഫാൻ സോൺ തുറക്കുക.