ഉപരോധം: നിലപാട് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധം –ഖത്തർ
text_fieldsദോഹ: ഖത്തറിനെതിരായ ഉപരോധം തികച്ചും അന്യായവും നിയമവിരുദ്ധവുമാണെന്നും മേഖലയിലെ പ്രതിസന്ധി കൃത്രിമമായി കെട്ടിച്ചമച്ചതാണെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ നിബന്ധനകൾക്കും തീർത്തും വിരുദ്ധമാണ് ഉപരോധരാജ്യങ്ങളുടെ നയനിലപാടുകളെന്നും ഖത്തർ ആവർത്തിച്ചു.
അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്കോ രാജ്യങ്ങൾ തമ്മിലോ ജനങ്ങൾ തമ്മിലോ ഉള്ള പരസ്പര ബന്ധങ്ങൾക്കോ ഒട്ടും വിലകൽപിക്കാതെയാണ് ഉപരോധരാജ്യങ്ങൾ മുന്നോട്ട് പോകുന്നത്.
ഗൾഫ് സഹകരണ സമിതി(ജി.സി.സി) പോലെയുള്ള മേഖലയിലെ ഒരു പ്രധാന കൂട്ടായ്മയുടെ സംരക്ഷണം പോലും ഇക്കൂട്ടർ മുഖവിലക്കെടുക്കുന്നില്ലെന്നും ഖത്തർ വ്യക്തമാക്കി.
യു എൻ സുരക്ഷാസമതിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് ഖത്തറിെൻറ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിൻ സൈഫ് ആൽഥാനിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
അന്താരാഷട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായാണ് ഉപരോധരാജ്യങ്ങളുടെ ഓരോ ചുവടുവെപ്പുകളും. ഗൾഫ് പ്രതിസന്ധി പരിഹരിക്കണമെങ്കിൽ ആരോഗ്യകരമായ സംവാദങ്ങളും വട്ടമേശ ചർച്ചകളും മാത്രമേ പറ്റൂ. ഇക്കാര്യത്തിൽ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് ആൽ ജാബിർ അൽ സബാഹ് പോലെയുള്ള നേതാക്കളുടെ ശ്രമങ്ങൾ ഏറെ പ്രശംസനീയർഹമാണെന്നും ശൈഖ ആലിയ വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും നിലവിലെ പ്രതിസന്ധി കനത്ത വെല്ലുവിളിയുയർത്തുന്നുണ്ടെന്നും ഒരു രാജ്യത്തിെൻറ ഔദ്യോഗിക വാർത്താ സംവിധാനം ഹാക്ക് ചെയ്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും തുടർന്ന് അതിനെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുകയെന്നത് അത്യന്തം ആപത്കരമാണെന്നും ഒരു രാജ്യത്തിെൻറ പരമാധികാരത്തിലാണ് ഉപരോധരാജ്യങ്ങൾ ഭീഷണിയുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും യു എന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
