ദോഹ: രാജ്യത്തിന് മേൽ ഉപരോധം അടിച്ചേൽപ്പിച്ചതിന് ശേഷം സ്വദേശികളുടെ അവകാശങ്ങളെ നിഷേധിക്കുന്ന ഉപരോധ രാജ്യങ്ങളുടെ നിലപാടിനെതിരെ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സംഘടന നൽകിയ റിപ്പോർട്ട് ഖത്തർ നിലപാടിനെ പൂർണമായി അംഗീകരിക്കുന്നതാണെന്ന് വിദേശകാര്യ വക്താവ് ലുലുവ അൽഖാതിർ അഭിപ്രായപ്പെട്ടു. ഈ രാജ്യങ്ങളുമായി പല തരത്തിൽ ബന്ധമുള്ള സ്വദേശികൾ അനുഭവിക്കുന്ന ദുരിതമാണ് യു.എൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത് ^വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ അവർ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ ഖത്തർ നിലപാടിനെ പൂർണമായി അംഗീകരിച്ചും ഉപരോധ രാജ്യങ്ങളുടെ നിലപാടിനെ തള്ളികൊണ്ടുമുള്ള സുപ്രധാന റിപ്പോർട്ടാണിത്. കഴിഞ്ഞ ഏഴ് മാസത്തിലധികമായി തുടരുന്ന ഉപരോധത്തിെൻറ വിവിധ തലങ്ങളെ വ്യക്തമാക്കി കൊണ്ട് നിരവധി റിപ്പോർട്ടുകളാണ് ഇത് വരെ പുറത്ത് വന്നത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും ഉന്നതമായ യു.എൻ തന്നെ ഇത്തരമൊരു റിപ്പോർട്ട് നൽകിയത് ഖത്തറിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷൻ നൽകിയ റിപ്പോർട്ടിനെ ഈ രാജ്യങ്ങൾ ഗൗരവത്തിൽ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി പന്ത് അവരുടെ കോർട്ടിലാണ്. മാന്യമായ രീതിയിൽ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം അവർ നടത്തുമെന്ന് പ്രത്യാശിക്കുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു. ഖത്തരികളായ പൗരൻമാർ ഈ രാജ്യങ്ങളിൽ നേരിട്ട സാമ്പത്തികവും മാനസികവും കുടുംബപരവുമായ നിരവധി പ്രയാസങ്ങൾ യു.എൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്ന് വക്താവ് വ്യക്തമാക്കി. ഉപരോധം യഥാർത്ഥത്തിൽ സ്വദേശികളെ മാത്രമല്ല വിദേശികളെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഖത്തർ ഗവൺമെൻറിനെയാണ് ഈ രാജ്യങ്ങൾ ഉന്നം വെക്കുന്നത് എന്ന വാദവും തെറ്റാണ്. നയതന്ത്ര ബഹിഷ്ക്കരണത്തിനപ്പുറം ഉപരോധം സമ്പൂർണ സാമ്പത്തിക യുദ്ധമാണെന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണെന്ന് യു.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നതായി ലുലുവ ഖാതിർ അഭിപ്രായപ്പെട്ടു.
എന്നാൽ ഉപരോധ രാജ്യങ്ങളിലെ ജനങ്ങളോട് ഖത്തർ സ്വീകരിച്ച നിലപാട് തികച്ചും മാനുഷികവും അനുകമ്പാ പരവുമാണ്. രാജ്യത്തുള്ള ഒരാൾക്കും ഒരു തരത്തിലുള്ള പ്രതിസന്ധിയും ഉണ്ടാകാത്ത രീതിയിലാണ് രാജ്യം അവരോട് പെരുമാറിയിള്ളത്. നേരത്തെ ജോലി ചെയ്തിരുന്നവർ അതേ ജോലിയിൽ നിലവിലും തുടരുന്നുവെന്നത് തന്നെ അതിനുള്ള മികച്ച ഉദാഹരണമാണ്. ഉപരോധ മാസങ്ങളിൽ മാത്രമായി ഈ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ലക്ഷത്തിൽ പരം പൗരൻമാർക്ക് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സ അനുവദിച്ചതും ഖത്തർ സ്വീകരിച്ച മാനുഷിക നിലപാട് വ്യക്തമാക്കുന്നതാണെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
കുവൈത്ത് അമീർ നടത്തുന്ന പരിഹാര ശ്രമത്തെ തുടക്കത്തിൽ തന്നെ ഖത്തർ പിന്തുണച്ചിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അവർ വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2018 9:47 AM GMT Updated On
date_range 2018-07-12T09:39:59+05:30മനുഷ്യാവകാശ ലംഘനം: യു.എൻ റിപ്പോർട്ട് ഖത്തറിനുള്ള അംഗീകാരം -ലുലുവ അൽഖാതിർ
text_fieldsNext Story