ഖത്തർ -ജർമനി സഹകരണം അമീർ ജർമൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി
text_fieldsദോഹയിലെത്തിയ ജർമൻ ചാൻസലർ ഫ്രിഡറിക് മെർസിനെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിക്കുന്നു
ദോഹ: ഖത്തറും ജർമനിയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ നിർണായകമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ജർമൻ ചാൻസലർ ഫ്രിഡറിക് മെർസും കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിലാണ് ഔദ്യോഗിക ചർച്ചകൾ നടന്നത്.
കൂടിക്കാഴ്ചയുടെ തുടക്കത്തിൽ, ജർമൻ ചാൻസലറെയും പ്രതിനിധി സംഘത്തെയും അമീർ സ്വാഗതം ചെയ്തു. സാമ്പത്തികം, നിക്ഷേപം, വ്യാപാരം, ഊർജം, സൈനിക സഹകരണം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും സംബന്ധിച്ച വിഷയങ്ങൾ ഇരുവരും ചർച്ചചെയ്തു. കൂടാതെ പ്രാദേശികവും അന്തർദേശീയവുമായ പ്രധാന വിഷയങ്ങളും നിലവിലെ സാഹചര്യങ്ങളും ഇരുനേതാക്കളും വിലയിരുത്തി. സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാകുമെന്ന് അമീർ പ്രത്യാശ പ്രകടിപ്പിച്ചു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, വിവിധ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജർമൻ ചാൻസലറുടെ ഒപ്പമുള്ള ഉന്നതതല പ്രതിനിധി സംഘവും യോഗത്തിൽ സന്നിഹിതരായിരുന്നു. ഔദ്യോഗിക ചർച്ചകൾക്കു ശേഷം അമീറും ചാൻസലറും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തി. തുടർന്ന് ജർമൻ ചാൻസലർക്ക് അമീർ വിരുന്നും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

