‘ഖത്തർ ഗേറ്റ്’ വിവാദം മാധ്യമസൃഷ്ടി - പ്രധാനമന്ത്രി
text_fieldsഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി തുർക്കിയ വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം വാർത്തസമ്മേളനത്തിൽ
ദോഹ: ഗസ്സയുദ്ധം അവസാനിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേൽ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങളെ തള്ളി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി. ഖത്തർ ഗേറ്റ് എന്ന പേരിൽ നടത്തുന്ന പ്രചാരണം ഇസ്രായേൽ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഖത്തർ പ്രധാനമന്ത്രി ദോഹയിൽ പറഞ്ഞു. തുർക്കിയ വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം ദോഹയിൽ നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഒന്നര വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഹമാസിനും ഇസ്രായേലിനും ഇടയിൽ ഖത്തർ നടത്തുന്ന നിർണായക മധ്യസ്ഥ ഇടപെടലുകളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഖത്തർ ഗേറ്റ് എന്ന പേരിലെ ആരോപണങ്ങളെന്നും വ്യക്തമാക്കി.
രാഷ്ട്രീയ കാരണങ്ങളാൽ ഉയർത്തുന്ന മാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണ്. ഗസ്സയിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ തുടക്കം മുതൽ സൗഹൃദ രാജ്യമായ ഈജിപ്തുമായി ചേർന്ന് ഖത്തർ പരിശ്രമിക്കുന്നു. നൂറിലധികം ബന്ദികളുടെ മോചനത്തിനും വെടിനിർത്തൽ സാധ്യമാക്കാനും മാനുഷിക സഹായമെത്തിക്കാനും ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ വഴിയൊരുക്കിയെന്നത് നുണകൾ പ്രചരിപ്പിക്കുന്നവർ മറന്നുപോയി. ലോകസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് എപ്പോഴും പരിശ്രമിക്കുന്നവരാണ് ഞങ്ങൾ. എത്ര ആരോപണങ്ങളുയർന്നാലും ഈ ദൗത്യത്തിൽനിന്നും പിൻവാങ്ങില്ല -പ്രധാനമന്ത്രി വ്യക്തമാക്കി.
അമേരിക്കൻ സർവകലാശാലകളിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ഖത്തർ എന്ന ചില യു.എസ് രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങളെയും അദ്ദേഹം തള്ളി. ഖത്തറിലെ സ്ഥാപനങ്ങളും അമേരിക്കൻ അക്കാദമിക് സംവിധാനങ്ങളും തമ്മിലെ ബന്ധങ്ങൾ സുതാര്യവും വ്യക്തവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഖത്തറിന്റെ ശ്രമങ്ങൾ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ ദിവസം വരെയും ഇരു കക്ഷികളെയും കരാറിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും കഴിഞ്ഞ ദിവസം നടന്ന യോഗം പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

