ഖത്തർ ഫ്രൈറ്റ് മാസ്റ്റർ പ്ലാനിന് അന്തിമരൂപമായി
text_fieldsദോഹ: ചരക്കുഗതാഗത മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനുള്ള ഖത്തർ ഫ്രൈറ്റ് മാസ്റ്റർ പ്ലാനിന് അന്തിമരൂപം നൽകി ഗതാഗത മന്ത്രാലയം. സംയോജിത ഗതാഗത സംവിധാനത്തിനുള്ളിൽനിന്നുകൊണ്ട് കരമാർഗമുള്ള ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയാണ് മാസ്റ്റർ പ്ലാനിലൂടെ ലക്ഷ്യമിടുന്നത്. ചരക്ക് ഗതാഗത മേഖലയുടെ സുരക്ഷ വർധിപ്പിക്കാനും കാര്യക്ഷമത ഉയർത്താനും വിതരണ ശൃംഖലയെയും വ്യാപാര പാതകളെയും ചലിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ മത്സരശേഷിയെ പിന്തുണക്കുന്നതിനും ഈ സംവിധാനം ലക്ഷ്യമിടുന്നു.
ലോജിസ്റ്റിക്സിനും ഷിപ്പിങ് സേവനങ്ങൾക്കുമായുള്ള സാമ്പത്തിക വൈവിധ്യവത്കരണ ആവശ്യകതകൾ ഇത് നിറവേറ്റുമെന്ന് ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി പറഞ്ഞു. ഷിപ്പിങ്, ഗതാഗതം, ലോജിസ്റ്റിക് സേവനങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം വർധിപ്പിക്കുന്ന തരത്തിൽ കരമാർഗമുള്ള ചരക്കുനീക്കം വികസിപ്പിക്കുന്നതിലൂടെ ഈ ലക്ഷ്യങ്ങൾ കൈവരിക്കാമെന്നും ലോജിസ്റ്റിക്സ് പ്രകടന സൂചികയിൽ ലോകത്തിലെ ഏറ്റവും മികച്ച 15 രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും അൽ സുലൈതി കൂട്ടിച്ചേർത്തു.
വ്യോമ, സമുദ്ര ചരക്കുഗതാഗത മേഖലകളുമായുള്ള സംയോജനം കൈവരിക്കുന്നതിനും വിതരണ ശൃംഖലകളെ പിന്തുണക്കുന്നതിനും പുറമെ കാര്യക്ഷമമായ ചരക്കുനീക്കം കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളെയും സാമ്പത്തികവും പാരിസ്ഥിതികവും സുസ്ഥിരവുമായ പരിഹാരങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ കമ്പനികൾ, ഉൽപന്നങ്ങൾ, സേവനങ്ങൾ, വ്യക്തികൾ എന്നിവയെ ഒന്നിച്ചു ബന്ധിപ്പിച്ച് പ്രാദേശിക, ആഗോള വ്യാപാരത്തിലെ നേട്ടങ്ങളെ പിന്തുണക്കാനും ഏറെ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

