ഖത്തർ -ഫ്രാൻസ് സ്ട്രാറ്റജിക് ഡയലോഗ്
text_fieldsപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ -നോയൽ ബാരോട്ടും സംയുക്തമായി അധ്യക്ഷത വഹിച്ചു
ദോഹ: ഖത്തർ - ഫ്രാൻസ് നാലാമത് സ്ട്രാറ്റജിക് ഡയലോഗ് ദോഹയിൽ സമാപിച്ചു. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ -നോയൽ ബാരോട്ടും സംയുക്തമായി അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ, പ്രതിരോധ, സുരക്ഷാ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക, കായിക മേഖലകളിലെ സഹകരണ സാധ്യതകളും അവലോകനം ചെയ്തു. കഴിഞ്ഞവർഷം ജൂണിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സ്ട്രാറ്റജിക് ഡയലോഗ് നടന്നത്. ഇതിനു ശേഷം സഹകരണ രംഗത്തുണ്ടായ പുരോഗതി വിലയിരുത്തി. ഫലസ്തീൻ പ്രശ്നവും ഗസ്സയിലെ സ്ഥിതിഗതികളും, സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും ചർച്ചാ വിഷയമായി. ലെബനൻ, സുഡാൻ, എന്നിവിടങ്ങളിലെ സ്ഥിതിഗതികളും, ഇറാനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും, ഹുർമുസ് കടലിടുക്കിലെ സംഘർഷങ്ങളും ചർച്ച ചെയ്തു. സംഘർഷങ്ങൾ നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിനും പിരിമുറുക്കം അയവുവരുത്തുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചു. അന്താരാഷ്ട്ര വിഷയങ്ങളിൽ കൂടിയാലോചനകളുടെ പ്രാധാന്യവും നേതാക്കൾ ഊന്നിപ്പറഞ്ഞു.

