ഖത്തറും ഫ്രാൻസും ഒരുമിച്ചു: ഇന്ത്യക്ക് 40 മെട്രിക് ടണ്‍ ഓക്സിജൻ
text_fieldsഇന്ത്യയിലേക്കുള്ള 40 മെട്രിക് ടണ്‍ ഓക്സിജൻ ദോഹ തുറമുഖത്തു നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ ഐ.എൻ.എസ് ത്രികാന്ത് കപ്പലിൽ കയറ്റിയപ്പോൾ
ദോഹ: കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഇന്ത്യക്ക് വീണ്ടും ഖത്തറിൽ നിന്ന് സഹായം. ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കല്‍ സഹായമെത്തിക്കുന്നതിനായി ഖത്തറും ഫ്രാൻസുമാണ് ഇത്തവണ ഒരുമിച്ചത്. 40 മെട്രിക് ടണ്‍ ഓക്സിജനാണ് ഇത്തരത്തിൽ ഇന്ത്യയിലേക്ക് അയച്ചത്.
ഖത്തറിലെ ഫ്രഞ്ച് അംബാസഡറുടെ ശ്രമഫലമായി ഫ്രാന്‍സാണ് ഓക്സിജൻ നിറക്കാനായുള്ള രണ്ട് ക്രയോജനിക് ടാങ്കറുകള്‍ സംഭാവന ചെയ്തത്. ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിൻെറ നേതൃത്വത്തിൽ ഖത്തർ പെട്രോളിയത്തിൻെറ അനുബന്ധ കമ്പനിയായ 'ഗസാൽ' ആണ് ഓക്സിജൻ നൽകിയിരിക്കുന്നത്. ഇന്ത്യ ക്രയോജനിക് ടാങ്കറുകൾ അയച്ചാൽ ഓക്സിജൻ നൽകാമെന്ന് കഴിഞ്ഞയാഴ്ച തന്നെ കമ്പനി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫ്രാൻസ് ടാങ്കറുകൾ നൽകുകയായിരുന്നു.
ഇന്ത്യന്‍ നാവിക സേനയുടെ ഐ.എൻ.എസ് ത്രികാന്ത് കപ്പല്‍ ബുധനാഴ്ച രാത്രിയോടെ തന്നെ ദോഹയിലെത്തിയിരുന്നു. ടാങ്കറുകള്‍ കപ്പലിലേക്ക് മാറ്റുന്ന ജോലികൾ ബുധനാഴ്ച രാത്രി തന്നെ പൂര്‍ത്തിയായിരുന്നു. വ്യാഴാഴ്ച രാവിലെ കപ്പല്‍ ദോഹയിൽനിന്ന് യാത്രതിരിച്ചു. രണ്ടു ദിവസം കൊണ്ട് ഡല്‍ഹിയിലെത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതിനകം നിരവധി സഹായങ്ങളാണ് ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് ഖത്തർ എയർവേസ് വിമാനങ്ങളിൽ 300 ടൺ സഹായവസ്തുക്കൾ അയച്ചിരുന്നു.
പി.പി.ഇ കിറ്റ്, ഓക്സിജന്‍ കണ്ടെയ്നറുകൾ, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്കു പുറമെ വ്യക്തികളും കമ്പനികളും നൽകിയ സഹായവും ഉള്‍പ്പെടുന്നതായിരുന്നു ഇത്. നൂറ് ടണ്‍ വീതം മൂന്ന് വിമാനങ്ങളിലായി ഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേസിൻെറ 'വി കെയര്‍' പദ്ധതിക്ക് കീഴിൽ ഇത് സൗജന്യമായി എത്തിച്ചത്. മേയ് രണ്ടിന് മെഡിക്കൽ വസ്തുക്കൾ അടങ്ങിയ ചരക്കുമായി ഇന്ത്യന്‍ നാവികസേന കപ്പല്‍ ഐ.എന്‍.എസ് കൊല്‍ക്കത്തയും ഇന്ത്യയിലേക്ക് പോയിരുന്നു.
ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐസിബിഎഫ്) നേതൃത്വത്തില്‍ ശേഖരിച്ച 200 ഓക്സിന് സിലിണ്ടറുകളും 43 ഓക്സിജന്‍ കണ്ടെയ്നറുകളും അടങ്ങിയതായിരുന്നു ഇത്. ഇന്ത്യക്കായി സഹായവസ്തുക്കൾ എത്തിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരത്തേ ഉത്തരവിട്ടിരുന്നു. മെഡിക്കൽ വസ്തുക്കൾ സ്വരൂപിക്കാൻ ഖത്തർ എയർവേസും ഗൾഫ് വെയർഹൗസിങ് കമ്പനി(ജി.ഡബ്ല്യു.സി)യും തുടങ്ങിയ സംയുക്ത പദ്ധതി പുരോഗമിക്കുകയാണ്.
വെൻറിലേറ്ററുകൾ, ഓക്സിജൻ കണ്ടെയ്നറുകൾ, മെഡിക്കൽ എയർ കംപ്രസറുകൾ, റെംഡെസിവിർ ഇൻജക് ഷനുകൾ, ഇൻജക് ഷൻ ടോസിലിസുമബ് എന്നിവയാണ് സംഭാവനയായി സ്വീകരിക്കുക. വ്യക്തികൾക്കും വിവിധ കമ്യൂണിറ്റികൾക്കും ഇവ നൽകാം. മേയ് അവസാനം വരെ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ ജി.ഡബ്ല്യു.സി ഖത്തർ ലോജിസ്റ്റിക് വില്ലേജിൽ (വേർ ഹൗസ് യൂനിറ്റ് ഡി.ഡബ്ല്യു.എച്ച്.1) സ്വീകരിക്കും. ഇവ ശേഖരിച്ച് സൗജന്യമായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്കാണ് കൈമാറുക.എല്ലാസഹായങ്ങളും ശേഖരിച്ച് സൗജന്യമായി ഇന്ത്യയിലെത്തിക്കുന്നത് തുടരുമെന്ന് ഖത്തർ എയർേവസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽബാക്കിർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.