ഫലസ്തീൻ കുട്ടികൾക്ക് സഹായവുമായി ഖത്തർ ഫൗണ്ടേഷൻ
text_fieldsദോഹ: യുദ്ധത്തിന്റെ ദുരിതം പേറുന്ന ഫലസ്തീനിലെ കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക ധനശേഖരണ പരിപാടിയുമായി ഖത്തർ ഫൗണ്ടേഷൻ. കുട്ടികൾക്ക് അറിവും വിനോദവും പകരുന്ന ത്രീ ഡി എജുടെയിൻമെന്റ് ടി.വി സീരീസായ സിറാജ് വഴിയാണ് പ്രത്യേക പരിപാടിയിലൂടെ ധനശേഖരണം നടത്തുന്നത്.
‘ഫ്രം ഖത്തർ ടു ഫലസ്തീൻ: സിറാജ് ഫണ്ട്റൈസർ ഫോർ ദി ചിൽഡ്രൻ ഓഫ് ഫലസ്തീൻ’ എന്നപേരിൽ ഡിസംബർ 16 ശനിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി എട്ടുവരെയാണ് എജുക്കേഷൻ സിറ്റിയിൽ പ്രത്യേക ധനശേഖരണ പരിപാടി അരങ്ങേറുന്നത്. ആക്ടിവിറ്റി വൗച്ചറുകൾ സ്വന്തമാക്കി പൊതുജനങ്ങൾക്ക് ഫലസ്തീൻ ഫണ്ട് ശേഖരണത്തിൽ പങ്കുചേരാം. 10 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്.
ടിക്കറ്റിൽ നിന്നുള്ള മുഴുവൻ വരുമാനവും ഗസ്സയിലെ കുട്ടികളുടെ ആവശ്യങ്ങളിലേക്ക് വിനിയോഗിക്കും. കുട്ടികളുടെ വിവിധ ആനിമേഷൻ കഥാപാത്രങ്ങളുടെ പ്രദർശനവും മറ്റുമായി സജീവമാകുന്നതായിരിക്കും നാലു മണിക്കൂർ നീളുന്ന പരിപാടി.

