പെൺകുട്ടികൾക്ക് ഫെൻസിങ് പരിശീലനവുമായി ഖത്തർ ഫൗണ്ടേഷൻ
text_fieldsഖത്തർ ഫൗണ്ടേഷൻ സി.ഇ.ഒ ശൈഖ ഹിന്ദ് ബിൻത് ഹമദ് ബിൻ ആൽഥാനിയും ഒളിമ്പിക്സ് ജേതാവ്
ഇബ്തിഹാജ് മുഹമ്മദും ഫെൻസിങ് പരിശീലന പരിപാടിയിലെ കുട്ടികൾക്കൊപ്പം
ദോഹ: ഒളിമ്പിക്സ് കായിക ഇനമായ ഫെൻസിങ്ങിലേക്ക് ഖത്തരി വനിതാ കായിക താരങ്ങളെ വളർത്തിയെടുക്കാൻ പദ്ധതിയുമായി ഖത്തർ ഫൗണ്ടേഷൻ. അമേരിക്കൻ ഒളിമ്പിക് മെഡൽ ജേതാവ് ഇബ്തിഹാജ് മുഹമ്മദുമായി സഹകരിച്ചാണ് ഖത്തർ ഫൗണ്ടേഷൻ പദ്ധതി നടപ്പാക്കുന്നത്.
ക്യു.എഫ് സംരംഭത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ക്യു.എഫ് വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ബിൻ ആൽ ഥാനിയുടെ സാന്നിധ്യത്തിൽ നടന്ന പ്രദർശന മത്സരങ്ങൾക്ക് ഖത്തർ ഫെൻസിങ് ഫെഡറേഷൻ മുഖ്യ പരിശീലക കൂടിയായ ഇബ്തിഹാജ് മുഹമ്മദും തുനീഷ്യൻ ഒളിമ്പിക് മെഡൽ ജേതാവായ ഇനാസ് ബൗബക്രിയും വിധികർത്താക്കളായി.
ഫിഫ ലോകകപ്പ് ലെഗസി പരിപാടികളുടെ തുടർച്ചയായി ഖത്തർ ഫൗണ്ടേഷൻ നടപ്പാക്കുന്ന പ്രധാന സംരംഭമായ ക്രിയേറ്റിങ് പാത്ത് വേയ്സ് പ്രോഗ്രാമിന്റെ ഭാഗമായി ഫെൻസിങ്ങിലൂടെ 12നും 16നും ഇടയിലുള്ള പെൺകുട്ടികൾക്കിടയിൽ കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും വ്യായാമം, പോഷകാഹാരം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം ശക്തമാക്കുകയുമാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
പെൺകുട്ടികൾക്ക് ഫെൻസിങ് പരിശീലിക്കാനുള്ള അവസരം നൽകുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സൗകര്യങ്ങളില്ലാതെ നിരവധി പേർ പ്രയാസപ്പെടുന്നുണ്ടെന്നും, പെൺകുട്ടികൾക്ക് കായിക വിനോദം പ്രാപ്യമാക്കുന്നതിൽ ഖത്തർ ഫൗണ്ടേഷന്റെ ശ്രമങ്ങളെ പ്രശംസിക്കുന്നുവെന്നും ഇബ്തിഹാജ് മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.
ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിലിടം നേടിയ താരമാണ് ഇബ്തിഹാജ്. ക്രിയേറ്റിങ് പാത്ത് വേയ്സ് സംരംഭത്തിലൂടെ നേരത്തേ ട്രാക്ക് ആൻഡ് ഫീൽഡ്, വോളിബാൾ പരിശീലനവും ഖത്തർ ഫൗണ്ടേഷൻ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

