ഖത്തർ ഫൗണ്ടേഷന് പുതിയ സി.ഇ.ഒ
text_fieldsഖത്തർ ഫൗണ്ടേഷൻ സി.ഇ.ഒ ആയി നിയമിതനായ യൂസുഫ് അൽ നഅ്മ, ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽ ഥാനി, ശൈഖ മൗസ ബിൻത് നാസർ അൽ മിസ്നദ് എന്നിവർക്കൊപ്പം
ദോഹ: വിദ്യാഭ്യാസ, ശാസ്ത്ര, ഗവേഷണ മേഖലയിൽ വിളക്കുമാടമായ ഖത്തർ ഫൗണ്ടേഷൻ നേതൃപദവിയിലേക്ക് പുതിയ ചുവടുവെപ്പ്. ഖത്തർ ഫൗണ്ടേഷൻ സി.ഇ.ഒ ആയി യൂസുഫ് അൽ നഅ്മയെ നിയമിച്ചു. നിലവിലെ സി.ഇ.ഒ ആയ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽ ഥാനി വൈസ് ചെയർപേഴ്സൻ പദവിയിൽ തുടരും. ഖത്തർ ഫൗണ്ടേഷൻ 30 വർഷം പൂർത്തിയാക്കിയ വേളയിലാണ് സുപ്രധാന പദവിയിലേക്ക് പുതിയ നിയമനം നടക്കുന്നത്. ഖത്തറിലെ, വിദ്യാഭ്യാസ, ശാസ്ത്ര, ഗവേഷണ, സാമൂഹിക വികസന മേഖലയിൽ സമഗ്ര സംഭാവനകളുമായി ജൈത്രയാത്ര തുടരുന്ന ഖത്തർ ഫൗണ്ടേഷനെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് യൂസുഫ് അൽ നഅ്മയുടെ ദൗത്യം.
ഒമ്പതു വർഷം മുമ്പായിരുന്നു ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽ ഥാനിയെ സി.ഇ.ഒ ആയി നിയമിച്ചത്. വ്യക്തമായ ദൗത്യത്തോടെയായിരുന്നു ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽ ഥാനിയെ സി.ഇ.ഒ ആയി നേരത്തേ നിയമിച്ചതെന്ന് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ അൽ മിസ്നദ് പറഞ്ഞു. ഫൗണ്ടേഷനെ നയിക്കുന്നതിലും പ്രാദേശിക, മേഖല, അന്തർദേശീയ തലത്തിൽ അതിന്റെ തുടർച്ച ഉറപ്പാക്കുന്നതിലും അവർ മികവ് പുലർത്തി -ശൈഖ മൗസ പറഞ്ഞു.
വൈസ് ചെയർപേഴ്സൻ എന്ന നിലയിൽ 2011 മുതൽ ഖത്തർ ഫൗണ്ടേഷനെ അന്താരാഷ്ട്ര തലത്തിൽ ശക്തിപ്പെടുത്തുന്നതിലും വൈവിധ്യമാർന്ന സംരംഭങ്ങളിലൂടെ നയിക്കുന്നതിലും പങ്കുവഹിക്കാൻ കഴിഞ്ഞുവെന്നും ഭാവിയിലും കൂടുതൽ ശക്തമായി തുടരുമെന്നും ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽ ഥാനി പറഞ്ഞു. യൂസുഫ് അൽ നഅ്മ ജൂൺ ഒന്നിന് സ്ഥാനമേൽക്കും. ഖത്തറിലെ സർക്കാർ, സ്വകാര്യമേഖലയിലെ ഡിജിറ്റലൈസേഷനിൽ നിർണായക വ്യക്തി എന്ന നിലയിൽ ശ്രദ്ധേയനായണ് യൂസുഫ് അൽ നഅ്മ. പ്രഥമ ഐ.ടി സ്ട്രാറ്റജി മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തുന്നതിലും പങ്കുവഹിച്ചു. 15 വർഷത്തോളം ഐ.ടി മേഖലയിൽ സി.ഇ.ഒയും ആയി പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

