ദോഹ: ചരിത്രത്തിലാദ്യമായി ഖത്തർ പതാക ഉത്തരധ്രുവത്തിൽ പാറിപ്പറന്നു. ശൈഖ അസ്മ ആൽഥാനിയാണ് രാജ്യത്തിെൻറ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. യൂറോപ്പിൽ നിന്നും മിഡിലീസ്റ്റിൽ നിന്നുമുള്ള വനിതകളുടെ അന്താരാഷ്ട്ര സംഘത്തോടൊപ്പമാണ് ശൈഖ അസ്മ ഏപ്രിൽ 21ന് ഉത്തരധ്രുവത്തിൽ എത്തിയത്. ‘ചരിത്രം കുറിച്ചിരിക്കുന്നു, ഏപ്രിൽ 21ന് വൈകിട്ട് ഏഴ് മണിക്ക് ഖത്തർ പതാക ചരിത്രത്തിലാദ്യമായി ഉത്തരധ്രുവത്തിൽ ഉയർന്നു പാറിയിരിക്കുന്നു’. പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ശൈഖ അസ്മ ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടതാണീ വരികൾ.
ഖത്തർ ഒളിംപിക് കമ്മിറ്റി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്ടറാണ് ശൈഖ അസ്മ ആൽഥാനി. പിന്തുണ നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയാണെന്ന് ഇൻസ്റ്റഗ്രാമിൽ അവർ വ്യക്തമാക്കി. എല്ലാവർക്കും സ്വാഗതം, ഞാൻ ഉത്തരധ്രുവത്തിലാണുള്ളത്. രണ്ട് വർഷത്തെ കഠിന പരിശീലനങ്ങൾക്ക് ശേഷം അത് സംഭവിച്ചിരിക്കുന്നു. നിങ്ങളുടെ മനസ്സിൽ ഒരു ലക്ഷ്യം കുറിച്ചിട്ടാൽ അത് സാധ്യമാണെന്ന കാര്യത്തിൽ സംശയമില്ല. എല്ലാ വെല്ലുവിളികളും സ്വപ്നങ്ങളും നമുക്ക് മുന്നിൽ കീഴടങ്ങും, നമ്മളതിന് തയ്യാറെടുക്കുകയാണെങ്കിൽ.
ഇൻസ്റ്റഗ്രാമിൽ ശൈഖ അസ്മ ആൽഥാനി പറഞ്ഞു. ഫെലിസിറ്റി ആസ്റ്റോം എം ബി ഇ എന്ന വനിതകൾക്ക് മാത്രമായിട്ടുള്ള ആദ്യ പോളാർ എക്സ്പ്ലോറേഷൻ ടീമിനൊപ്പമാണ് അസ്മ ആൽഥാനി ഉത്തരധ്രുവത്തിലെത്തിയത്. ശൈഖ ആൽഥാനിയടക്കം 11 വനിതകൾ 1084 മൈലുകൾ, 59 ദിവസം കൊണ്ട് സഞ്ചരിച്ചാണ് ഉത്തരധ്രുവം കീഴടക്കിയത്.