ഖത്തർ ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് ഫെസ്റ്റിവൽ സമാപിച്ചു
text_fieldsപതിനാലാമത് ഖത്തർ ഇന്റർനാഷനൽ ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് ഫെസ്റ്റിവലിൽ ജേതാക്കളായവർ സമ്മാനദാന ചടങ്ങിൽ
ദോഹ: പതിനാലാമത് ഖത്തർ ഇന്റർനാഷനൽ ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് ഫെസ്റ്റിവൽ സമാപിച്ചു. സീലൈനിലെ സബ്ഖത് മർമിയിൽ ഫീൽഡ് ടൂർണമെന്റുകൾക്കുശേഷം പുരസ്കാര വിതരണം നടന്നു. വിജയികൾക്ക് ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ഫെസ്റ്റിവലിന്റെ രക്ഷാധികാരിയുമായ ജൂആൻ ബിൻ ഹമദ് ആൽഥാനി സമ്മാനങ്ങൾ വിതരണം ചെയ്തു.
ഹദാദ് അൽ തഹാദി ചാമ്പ്യൻഷിപ്പിന്റെ മൂന്നും നാലും ഗ്രൂപ്പുകൾക്കായുള്ള ഫൈനലുകൾ വെള്ളിയാഴ്ച നടന്നു. പ്രാവിനെ വേട്ടയാടുന്ന മത്സരമായ ഹദാദ് അൽ തഹാദി ജേതാവിനുള്ള ലക്സസ് കാർ യു.എ.ഇയിൽനിന്നുള്ള അൽ ദഫ്റ ടീം സ്വന്തമാക്കി. ഇതേയിനത്തിൽ രണ്ടും മൂന്നും ഗ്രൂപ്പുകളിൽ നടന്ന ഫൈനലിൽ വിജയിച്ച ഉമ്മുൽ സുബാർ ടീമിനും ലക്സസ് കാർ ലഭിച്ചു.
ഹദാദ് അൽ തഹാദി ചാമ്പ്യൻഷിപ് ഫൈനലിൽ ഗോൾഡൻ ടീം (മുഹമ്മദ് മിസ്ഹാൽ അൽ അതിയ്യ), യു.എ.ഇയിലെ അൽ ദഫ്റ ടീം (സഖ്റൻ) എന്നിവർ ജേതാക്കളായി. ഹദ്ദാദ് അൽ തഹാദിയിലെ ഓരോ ഫൈനലിസ്റ്റിനും 1,00,000 റിയാൽ സമ്മാനം ലഭിച്ചു. അബ്ദുറഹ്മാൻ ജാറല്ല അൽ മർറി, അലി അഹ്മദ് അൽ ജഹം അൽ കുവൈരി, അബ്ദുൽഹാദി ഹമദ് അൽ ഹദ്‍വാൻ എന്നിവർക്കാണ് ഒരുലക്ഷം റിയാൽ വീതം സമ്മാനം ലഭിച്ചത്. ഫാൽക്കണുകളെ വേട്ടയാടാൻ വിടുന്ന അൽ തലാഅ മത്സരങ്ങളുടെ ഫൈനലിലെ ആദ്യ മൂന്നു സ്ഥാനങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ നൽകി.
ഒന്നാം സ്ഥാനക്കാരന് ലാൻഡ് ക്രൂയിസർ ജി.എക്‌സ്.ആർ കാറും രണ്ടാം സ്ഥാനക്കാരന് ലാൻഡ് ക്രൂയിസർ ജി.എക്സ് കാറും മൂന്നാമതെത്തിയയാൾക്ക് ഒരു ലക്ഷം റിയാലുമാണ് ലഭിച്ചത്. ഫാൽക്കണിന്റെ വേഗമളക്കുന്ന അൽ ദഅവ ലോക്കൽ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെ ഒന്നാം സ്ഥാനക്കാരന് ലാൻഡ് ക്രൂയിസർ ജി.എക്സ് കാറും രണ്ടാമന് ടൊയോട്ട പിക്അപ്പും മൂന്നാമന് 50,000 റിയാൽ സമ്മാനവും ലഭിച്ചു. അൽ ദഅ്‍വ ഇന്റർനാഷനൽ ചാമ്പ്യൻഷിപ്പിലെ ആദ്യ മൂന്നു സ്ഥാനക്കാർക്കും ഇതേ സമ്മാനമാണ് നൽകിയത്.
അൽ ദഅവിലെ പ്രീമിയർ ചാമ്പ്യൻഷിപ്പിലെ വിജയികളിൽ ഒന്നാം സ്ഥാനക്കാരന് ലാൻഡ് ക്രൂയിസർ ജി.എക്‌സ്.ആർ കാർ, രണ്ടാം സ്ഥാനക്കാരന് ലാൻഡ് ക്രൂയിസർ ജി.എക്‌സ് കാർ, മൂന്നാമന് ഒരു ലക്ഷം റിയാൽ എന്നിങ്ങനെയായിരുന്നു സമ്മാനം. സലൂക്കി ഡോഗ് റേസിലെ ആദ്യ മൂന്നു വിജയികൾക്ക് യഥാക്രമം ലാൻഡ് ക്രൂയിസർ കാർ, പിക്അപ്, 50,000 റിയാൽ എന്നിങ്ങനെ ലഭിച്ചു. ഭാവി വാഗ്ദാനങ്ങളായ ഫാൽക്കണർമാരെ നിർണയിക്കുന്ന വിഭാഗത്തിൽ ആദ്യത്തെ 10 വിജയികൾക്ക് മൊത്തം 88,000 റിയാൽ നൽകി. ഈയിനത്തിൽ ഒന്നാം സ്ഥാനക്കാരന് 25,000 റിയാലാണ് നൽകിയത്. ഫെസ്റ്റിവലിന്റെ സംഘാടകരായ ഖത്തർ അൽ ഖന്നാസ് അസോസിയേഷൻ പ്രസിഡന്റ് അലി ബിൻ ഖാതം അൽ മഹ്ശദി വിജയകരമായ സംഘാടനത്തിനും ഫെസ്റ്റിൽ സ്പോൺസർ ചെയ്തതിനും ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയോട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

