ഖത്തർ എക്സോൺ മൊബീൽ ഓപൺ ടെന്നിസ് ഇന്നു മുതൽ
text_fieldsദോഹ: ഖത്തർ എക്സോൺ മൊബീൽ ഓപൺ ടെന്നിസ് ടൂർണമെന്റിന് തിങ്കളാഴ്ച ഔദ്യോഗികമായി തുടക്കം കുറിക്കും. എ.ടി.പി 500 സ്റ്റാറ്റസിന് കീഴിലുള്ള ആദ്യ പതിപ്പിൽ ജാനിക് സിന്നർ, കാർലോസ് അൽകാരസ്, നൊവാക് ജോകോവിച്ച് തുടങ്ങിയ പ്രമുഖ താരങ്ങൾ റാക്കറ്റേന്തും.
ഫെബ്രുവരി 22 വരെ ഖലീഫ അന്താരാഷ്ട്ര ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിലാണ് ടൂർണമെന്റ്. തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചക്ക് 2.30നും വൈകീട്ട് 5.30നുമാണ് സെഷനുകൾ ആരംഭിക്കുക. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനും വൈകീട്ട് ആറിനുമായിരിക്കും സെഷൻ ആരംഭിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
ഡബിൾസ് ഫൈനൽ ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നിനും സിംഗിൾസ് ഫൈനൽ വൈകീട്ട് ആറിനും നടക്കും. 27,60,000 ഡോളറാണ് എക്സോൺ മൊബീൽ ഓപൺ ടെന്നീസിന്റെ ആകെ സമ്മാനത്തുക. ജേതാവിന് 5,16,165 ഡോളറും റണ്ണറപ്പിന് 2,77,715 ഡോളറും ലഭിക്കും. സെമി ഫൈനലിസ്റ്റുകൾക്ക് 1,48,005 ഡോളർ വീതമാണ് ലഭിക്കുക. ഡബിൾസ് വിന്നേഴ്സിന് 1,69,540 ഡോളറും ഫൈനലിസ്റ്റിന് 90,410 ഡോളറും ലഭിക്കും.
മറ്റൊരു ഖത്തർ എക്സോൺ മൊബീലിന് കൂടി തുടക്കം കുറിക്കുമ്പോൾ ഏറ്റവും കൂടുതൽ കിരീടം നേടിയത് ഇതിഹാസ താരം റോജർ ഫെഡറർ തന്നെയാണ്-മൂന്ന് തവണ. ഡബിൾസിൽ മാർക് ലോപസും മൂന്നു തവണ കിരീടം സ്വന്തമാക്കി. 33ാം വയസ്സിൽ കിരീടം നേടിയ റോബർട്ടോ ബാറ്റിസ്റ്റ അഗുട്ട് ആണ് കിരീടം നേടിയവരിൽ ഏറ്റവും പ്രായം കൂടിയ താരം. 2008ൽ തന്റെ 20ാം വയസ്സിൽ കിരീടം നേടിയ ആൻഡി മറേ ജേതാക്കളിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കി. 1999ൽ ലോക റാങ്കിങ്ങിൽ 124ാം സ്ഥാനത്തുള്ള റെയിനർ ഷട്ട്ലെർ ആണ് ഏറ്റവും കുറഞ്ഞ റാങ്കിങ്ങിൽ നിൽക്കെ കിരീടം സ്വന്തമാക്കിയ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

