ഖത്തർ: ഹയ്യാ വിസ കാലാവധി ഫെബ്രുവരി 24 വരെ നീട്ടി
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് അനുവദിച്ച ഹയ്യാ വിസയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. 2024 ജനുവരി 24ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച വിസയുടെ കലാവധിയാണ് ഫെബ്രുവരി 24 വരെ നീട്ടുന്നത്. രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അവസാന ദിനം ഫെബ്രുവരി പത്തായും നിശ്ചയിച്ചു.
ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ കണാൻ കാണികൾക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹയ്യാ വിസയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനമായത്. ലോകകപ്പ് ഫുട്ബാൾ വേളയിൽ ടിക്കറ്റ് സ്വന്തമാക്കിയ കാണികൾക്കായി പ്രഖ്യാപിച്ച ഹയ്യാ വിസ, 2022 ഫെബ്രുവരിയിലാണ് ഒരു വർഷത്തേക്ക് അധിക കലാവധി നൽകിയത്. ഇതോടനുബന്ധിച്ച് വിദേശ കാണികൾക്ക് ‘ഹയ്യാ വിത് മി’ എന്ന പേരിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നു പേരെ വരെ കൊണ്ടുവരാനുള്ള ഹയ്യാ വിസയും അനുവദിച്ചു. മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരാനും ഉപയോഗിച്ചിരുന്നു.

